കൊച്ചി: കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞെന്നും വെളിപ്പെടുത്തി നടന്‍ സുധീര്‍. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ താന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്തിരിക്കുകയാണെന്നും സുധീര്‍ പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റിയെന്നും തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍ തന്നെ പിടികൂടിയെന്നും സുധീര്‍ ഫേസ്ബുക്കിലെഴുതി.
മരണത്തെ മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നും താരം കുറിക്കുന്നു,
സുധീറിന്റെ കുറിപ്പ്
ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ്ങ് എന്റെ പാഷന്‍ ആണ്. എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു. ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. 25 ന് സ്റ്റിച്ച് എടുത്തു. കീമോതെറാപ്പി തുടങ്ങി. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു.
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി. വിനീത് തിരുമേനി, സംവിധായകന്‍ മനു.
പോട്ടെ പുല്ല്. വരുന്നത് വരുന്നിടത്തുവച്ച് കാണാം. ചിരിച്ചുകൊണ്ട് നേരിടാം. അല്ല പിന്നെ’ സുധീര്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സി.ഐ.ഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Sudhir About His battle Against Cancer