| Saturday, 23rd October 2021, 5:42 pm

അവാര്‍ഡ് വൈകിപ്പോയെന്ന് എനിക്ക് തോന്നിയിട്ടില്ല; സംസ്ഥാന പുരസ്‌കാരത്തില്‍ പ്രതികരിച്ച് സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടിയത് നടന്‍ സുധീഷാണ്. 34 വര്‍ഷമായി മലയാള സിനിമയിലുള്ള സുധീഷിന് ലഭിച്ച ആദ്യ സംസ്ഥാന പുരസ്‌കാരമായിരുന്നു ഇത്.

അവാര്‍ഡിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലധികമായി സിനിമയിലഭിനയിക്കുന്ന സുധീഷിന് വളരെ വൈകിയാണ് ഒരു അവാര്‍ഡ് ലഭിച്ചത് എന്ന രീതിയിലും പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ പുരസ്‌കാരലബ്ധിയില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. സംസ്ഥാന പുരസ്‌കാരം വൈകിപ്പോയെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് സുധീഷ് പറയുന്നത്.

ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.

”പുരസ്‌കാരം വൈകിപ്പോയെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവാര്‍ഡുകളെപ്പറ്റിയേ ഞാനധികം ചിന്തിക്കാറില്ല. നിങ്ങള്‍ നിങ്ങളുടെ നിത്യജീവിതവുമായി മുഴുകിയിരിക്കുമ്പോള്‍ അവാര്‍ഡുകള്‍ പ്രതീക്ഷിക്കില്ല,” സുധീഷ് പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ സുധീഷിന് ലഭിച്ചിരുന്നു. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കോമഡി കഥാപാത്രങ്ങളിലും നായകന്മാരുടെ സുഹൃത്ത് കഥാപാത്രങ്ങളിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലെ അമ്മാവന്‍ കഥാപാത്രമാണ് സ്വഭാവനടനായുള്ള സുധീഷിന്റെ തിരിച്ചുവരവില്‍ ശ്രദ്ധേയമായത്.

‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷിന് ലഭിച്ചത്.

1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സുധീഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്നവ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Sudheesh talks about his state award

We use cookies to give you the best possible experience. Learn more