'2018 മുതല്‍ 2018ല്‍ എത്തിനില്‍ക്കുന്നു'; നല്ല വേഷങ്ങള്‍ ലഭിച്ചപ്പോള്‍ അച്ഛന്‍ കാണാനില്ല എന്നതില്‍ വിഷമമുണ്ട്: സുധീഷ്
Movie Day
'2018 മുതല്‍ 2018ല്‍ എത്തിനില്‍ക്കുന്നു'; നല്ല വേഷങ്ങള്‍ ലഭിച്ചപ്പോള്‍ അച്ഛന്‍ കാണാനില്ല എന്നതില്‍ വിഷമമുണ്ട്: സുധീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th May 2023, 6:42 pm

ഈ അടുത്ത കാലത്താണ് സിനിമയില്‍ വീണ്ടും നല്ല വേഷങ്ങള്‍ ലഭിച്ചിട്ടുള്ളതെന്ന് നടന്‍ സുധീഷ്. എന്നാല്‍ ഈ സമയത്ത് തന്റെ അച്ഛന്‍ അത് കാണാനില്ലല്ലോ എന്ന ദുഖം തനിക്കുണ്ടെന്നും സുധീഷ് പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.

‘ഇപ്പോള്‍ 2018ല്‍ നല്ലൊരു വേഷം കിട്ടി. അതുപോലെ ഞാനിതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായ കഥാപാത്രങ്ങല്‍ ചെയ്ത വര്‍ഷമായിരുന്നു 2018. 2018ല്‍ തീവണ്ടിയില്‍ അഭിനയിക്കുന്ന സമയത്തും ടൊവിനോയാണ് നായകന്‍.

അങ്ങനെയുള്ള ക്യാരക്ടര്‍ ചെയ്ത് തുടങ്ങിയപ്പോള്‍ എന്നെ തേടി ഒരു സ്‌റ്റേറ്റ് അവാര്‍ഡ് വന്നു. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് പഠിച്ച് ചെയ്യാന്‍ കഴിഞ്ഞത് 2018 മുതലാണ്. അങ്ങനെ 2018 എന്ന വര്‍ഷത്തില്‍ തുടങ്ങി 2018 എന്ന സിനിമയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍,’ സുധീഷ് പറഞ്ഞു.

ചെറുപ്പത്തില്‍ സക്രീനില്‍ ഒരിക്കലും തന്നെ കാണുമെന്ന് വിചാരിച്ചില്ലെന്നും എന്നാല്‍ നമുക്ക് ഒരു ആഗ്രഹമുണ്ടെങ്കില്‍ അത് സധ്യമാകുമെന്നും സുധീഷ് പറഞ്ഞു.

‘1987ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരമാണ് എന്റെ ആദ്യ സിനിമ. അന്ന് പത്രത്തില്‍ പരസ്യം കണ്ടിട്ടുള്ള ഒരു ഓഡീഷനായിരുന്നു. എന്റെ കൂടെ അച്ഛനും ഉണ്ടായിരുന്നു.

അശോകന്‍ ചേട്ടന്റെ കുട്ടിക്കാലം അഭിനയിക്കലായിരുന്നു റോള്‍. ഞാന്‍ അവിടെ ചെന്നപ്പോള്‍ അശോകന്‍ ചേട്ടന്റെ ചായയുള്ള അഞ്ചാറുപേരുണ്ടായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ അച്ഛനോട് പറഞ്ഞു നമുക്ക് പോകാമെന്ന്.

പക്ഷേ ആ സിനിമയില്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അടൂര്‍ സാറിന് അശോകന്‍ ചേട്ടന്റെ തനി കട്ടുള്ള ആളെയല്ല വേണ്ടിയിരുന്നത്. അങ്ങനെയെന്നെ തെരഞ്ഞെടുക്കുകയായിരുന്നു,’ സുധീഷ് പറഞ്ഞു.

ഡിഗ്രിക്ക് ശേഷം സിനിമ താന്‍ ഒരു പ്രൊഫഷനായി എടുക്കുകയായിരുന്നുവെന്നും സാമ്പത്തികമായി റിസ്‌കുള്ള പരിപാടിയായിട്ടും തന്റെ അച്ഛന്‍ അതിനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നെന്നും സുധീഷ് പറഞ്ഞു.