| Sunday, 24th October 2021, 4:50 pm

നല്ല മാര്‍ക്കുണ്ടായിരുന്നു, ചിലപ്പൊ ഞാനൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായേനെ; മണിച്ചിത്രത്താഴിന്റെ ഓര്‍മകളുമായി സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടിയതിന്റെ തിളക്കത്തിലാണ് നടന്‍ സുധീഷ്. 34 വര്‍ഷമായി മലയാള സിനിമയിലുള്ള സുധീഷിന് ലഭിച്ച ആദ്യ സംസ്ഥാന പുരസ്‌കാരമായിരുന്നു ഇത്.

‘വൈകിയെത്തിയ’ പുരസ്‌കാരത്തിന്റേയും തന്റെ മറ്റ് സിനിമകളുടേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.

മണിച്ചിത്രത്താഴ് സിനിമയിലെത്തിയതിന്റെ വിശേഷങ്ങളും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ സുധീഷിന്റെ കഥാപാത്രത്തിന്റെ പേര് ചന്തു എന്നായിരുന്നെങ്കിലും ‘കിണ്ടി’ എന്ന പേരിലാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ അത് ശ്രദ്ധ നേടിയത്.

താന്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് മണിച്ചിത്രത്താഴ് സിനിമയിലേയ്ക്ക് അവസരം വന്നതെന്നും അതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നുമാണ് താരം പറയുന്നത്.

”ഞാന്‍ എന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സമയമായിരുന്നു. ഫിസിക്‌സിലായിരുന്നു ബിരുദം. എം.സി.എയ്ക്ക് തയാറെടുത്ത് കൊണ്ടിരിക്കുകയായിരുന്നു.

എനിക്ക് നല്ല മാര്‍ക്കും ഉണ്ടായിരുന്നു. ആര്‍ക്കറിയാം, നമ്മുടെ നാട്ടിലെ മറ്റ് പലരേയും പോലെ ഞാനും ചിലപ്പൊ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി മാറിയേനെ,” സുധീഷ് തമാശ രൂപേണ പറഞ്ഞു.

തുടര്‍പഠനത്തിലേക്ക് കടക്കാനിരുന്നതാണെങ്കിലും മണിച്ചിത്രത്താഴിന്റെ ഓഫര്‍ സുധീഷ് സ്വീകരിക്കുകയായിരുന്നു. കോമഡി കഥാപാത്രങ്ങളുടെ വിഭാഗത്തിലേക്ക് സുധീഷ് കട
ന്നത് മണിച്ചിത്രത്താഴിന് ശേഷമാണ്.

‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഇപ്പോള്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷിന് ലഭിച്ചത്.

1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സുധീഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്നവ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Sudheesh shares the memory about the movie Manichitrathazhu

We use cookies to give you the best possible experience. Learn more