സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും ആദ്യമായി പാടിയഭിനയിച്ച സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സുധീഷ്. ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും കരിയറില്‍ തനിക്ക് എന്നും ഉപകാരപ്പെടുന്ന രീതിയില്‍ പല കാര്യങ്ങളും പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്നുമാണ് സുധീഷ് പറയുന്നത്.
മുദ്ര എന്ന സിനിമയില്‍ താന്‍ ആദ്യമായി പാട്ട് പാടി അഭിനയിക്കേണ്ട ഒരു ഷോട്ട് ഉണ്ടായിരുന്നുവെന്നും അത് അഭിനയിക്കാന്‍ മമ്മൂക്ക ഒരുപാട് സഹായിച്ചിരുന്നുവെന്നും സുധീഷ് പറഞ്ഞു. തന്റെ അച്ഛന്‍ തരുന്നത് പോലെ ഉള്ള ഒരു സപ്പോര്‍ട്ട് ആണ് തനിക്ക് മമ്മൂക്കയില്‍ നിന്നും കിട്ടിയതെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച നായകന്മാരാണ് ലാലേട്ടനും മമ്മൂക്കയും. അതിനു മുമ്പും നായകന്മാര്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ചെറുപ്പം മുതല്‍ സിനിമ കാണുന്ന ഒരാളായതു കൊണ്ട് ജയന്‍ സാറിന്റെയും നസീര്‍ സാറിന്റെയും ഇഷ്ടം പോലെ സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ നമ്മള്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങുന്ന സമയത്തുള്ള ഇഷ്ട നായകന്മാര്‍ ലാലേട്ടനും മമ്മൂക്കയുമാണ്.
ഒരു കാലഘട്ടത്തില്‍ ലാലേട്ടനും മമ്മൂക്കയും മാത്രമുള്ള ഒരു സമയം ഉണ്ടായിരുന്നു മലയാള സിനിമക്ക്. വേറെ ആള്‍ ഇല്ല. ജയറാമേട്ടന്‍ വരുന്നത് വരെ മമ്മൂക്കയും ലാലേട്ടനും വര്‍ഷങ്ങളോളം നായകന്മാരായിരുന്നു. അപ്പോള്‍ നമുക്ക് വേറെ ഒരാളെ ചിന്തിക്കാന്‍ പറ്റില്ല. അത്രയും കഥാപാത്രങ്ങള്‍ ചെയ്ത് നമ്മുടെ മനസില്‍ കിടക്കുകയാണ് രണ്ടുപേരും.
ആ കാലത്ത് ഇവരുടെ കൂടെ അഭിനയിക്കുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ സന്തോഷം. അത് എനിക്ക് ആദ്യത്തെ സിനിമയില്‍ തന്നെ കിട്ടി. അനന്തരം എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ. പിന്നെ സിബി സാറിന്റെ മുദ്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അതില്‍ മമ്മൂക്ക എനിക്ക് തന്ന സപ്പോര്‍ട്ട് വലുതാണ്.
മമ്മൂക്ക ഭയങ്കര സീരിയസ് ആണെങ്കിലും കാര്യങ്ങളൊക്കെ പറഞ്ഞ് തരും. ഉദാഹരണത്തിന് മുദ്ര എന്ന സിനിമയില്‍ ആദ്യമായിട്ടാണ് ഞാന്‍ പാട്ട് പാടി അഭിനയിക്കുന്നത്. ‘പുതുമഴയായ് പൊഴിയാം’ എന്ന ഗാനം. സിബി സാര്‍ പറഞ്ഞു, മോനെ വരികളൊക്കെ പഠിക്കണം, പാട്ട് പാടി അഭിനയിക്കാന്‍ ഉണ്ടെന്ന്.
ഞാന്‍ ഭയങ്കര ത്രില്‍ഡ് ആയി. കാരണം അങ്ങനത്തെ ഒരു സീന്‍ ചെയ്യാനുള്ളതല്ലേ. മമ്മൂക്കയുടെ മുമ്പില്‍ നിന്ന് പാട്ട് പാടുന്നതാണ് ആദ്യത്തെ ഷോട്ട്. അപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്നിട്ട്, എങ്ങനെയാ പാട്ടു പാടി അഭിനയിക്കുക എന്ന് ചോദിച്ചു.
നീ ശരിക്കും പാടിക്കോടാ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ഞാന്‍ പാടാനോ എന്ന് ചോദിച്ചു. നീ പാടുന്നതൊന്നും ആരും കേള്‍ക്കില്ല, അതിനും വലിയ ശബ്ദത്തിലാണ് അവിടെ പാട്ട് വെച്ചിട്ടുള്ളത്, അതുകൊണ്ട് അത് മൈന്‍ഡ് ചെയ്യണ്ട. നീ ഒറിജിനലായിട്ട് പാടിയാലെ നിനക്ക് ആ ഫീല്‍ കിട്ടുള്ളൂ എന്ന് പറഞ്ഞു. ആ ഒരു സപ്പോര്‍ട്ട് ഉണ്ടല്ലോ. എന്റെ അച്ഛനൊക്കെ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരുന്നതുപോലെ അദ്ദേഹം പറഞ്ഞുതന്നു.
പണ്ട് ആദ്യമായി അടൂര്‍ സാറിന്റെ അടുത്ത് ഓഡീഷനു പോകുന്ന സമയത്ത് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട് ചുറ്റുമുള്ളത് ആരാണെന്ന് നോക്കാതെ പെര്‍ഫോം ചെയ്യണമെന്ന്.
ഷൗട്ട് ചെയ്യാണെങ്കില്‍ ഷൗട്ട് ചെയ്തോ, ദേഷ്യം പിടിക്കണമെങ്കില്‍ ദേഷ്യം പിടിച്ചോ, മുമ്പില്‍ ആരാണ് ഉള്ളതെന്ന് നോക്കണ്ട. അങ്ങനെ ഒരു ഫീല്‍ അന്ന് മമ്മൂക്ക പറഞ്ഞേപ്പോള്‍ എന്റെ മനസിലേക്ക് വന്നു. അങ്ങനെയൊക്കെ ഉള്ള ഒരു സപ്പോര്‍ട്ട് ആദ്യം തന്നെ മമ്മൂക്കയുടെ കയ്യില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്,’ സുധീഷ് പറഞ്ഞു.
അജയന്റെ രണ്ടാം മോഷണമാണ് സുധീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Actor Sudheesh share an experiance with Mammootty