|

ലാലേട്ടനോട് മാപ്പ് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആരാണെന്ന് മനസിലാക്കിത്തന്നേനെയെന്ന് അവര്‍ പറഞ്ഞു: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലേട്ടന്‍ സിനിമയുടെ വിശേഷങ്ങളും അന്നത്തെ ചില ഓര്‍മകളും പങ്കുവെക്കുകയാണ് നടന്‍ സുധീഷ്. മോഹന്‍ലാലിനെ എതിര്‍ത്ത് സംസാരിക്കുന്ന, അദ്ദേഹത്തിന് എപ്പോഴും പാര പണിയുന്ന ഒരു അനിയന്റെ വേഷം ചെയ്യാന്‍ തനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. മറ്റൊന്നും കൊണ്ടല്ല അതെന്നും ലാലേട്ടനെ പോലെ ഒരാളുടെ മുഖത്ത് നോക്കി ദേഷ്യപ്പെട്ടൊക്കെ സംസാരിക്കുന്നതില്‍ തനിക്ക് വിഷമമുണ്ടായിരുന്നെന്നുമാണ് സുധീഷ് പറയുന്നത്.

ഒപ്പം ബാലേട്ടന്‍ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തന്റെ കാര്‍ വളഞ്ഞ ലാല്‍ ആരാധകരെ കുറിച്ചും അവര്‍ തന്നോട് സംസാരിച്ച കാര്യത്തെ കുറച്ചുമൊക്കെ സുധീഷ് സംസാരിച്ചു.

തന്റെ സുഹൃത്ത് ടി.എ ഷാഹിദിനെ ഓര്‍മിച്ചുകൊണ്ടാണ് സുധീഷ് ബാലേട്ടന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ‘ ഞാന്‍ ലാലേട്ടനോടൊപ്പം ആദ്യമായി മണിച്ചിത്രത്താഴില്‍ അഭിനയിച്ചു, ശേഷം ഒന്നുരണ്ടു സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ബാലേട്ടനില്‍ അഭിനയിക്കുന്നത്.

അതില്‍ വ്യത്യസ്തം എന്ന് പറയാവുന്ന, കുറച്ചു പാരവെക്കുന്ന, സ്‌നേഹസമ്പന്നനായ അനിയന്റെ കഥാപാത്രമായിരുന്നു. സിനിമയില്‍ ലാലേട്ടനോട് എതിര്‍ത്ത് സംസാരിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. ലാലേട്ടന്റെ മുഖത്തുനോക്കി ദേഷ്യം കാണിക്കുന്ന സീനൊക്കെ ഉള്ളില്‍ വളരെ വിഷമിച്ചിട്ടാണ് ചെയ്തത്.

അതിന്റെ റിസള്‍ട്ട് വന്നത് എപ്പോഴാണെന്ന് വെച്ചാല്‍ പടം റിലീസായ ആദ്യ ദിവസമാണ്. ബാലേട്ടന്‍ റിലീസ് ആവുന്നു, ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം സൂപ്പര്‍ ഹിറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഞാന്‍ 6:30 ന്റെ ഷോക്കാണ് പടം കാണാന്‍ പോകുന്നത്. ഞാന്‍ പടം കണ്ട് ഫാമിലിയോടൊപ്പം കാറില്‍ കയറിയ ഉടനെ ലാലേട്ടനെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ എന്റെ കാര്‍ വളഞ്ഞു.

‘ഭയങ്കര പാരയായിപ്പോയി ഞങ്ങളുടെ ലാലേട്ടനോട് ചെയ്തത്. അവസാന സീനില്‍ ലാലേട്ടനോട് മാപ്പു പറഞ്ഞില്ലായിരുന്നെങ്കില്‍ ഇപ്പൊള്‍ ഞങ്ങള്‍ ആരാണെന്ന് അറിയിക്കുമായിരുന്നു എന്ന് പറഞ്ഞു. ലാലേട്ടനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹം എനിക്ക് അവിടെ വെച്ച് മനസിലാക്കാന്‍ പറ്റി,’ സുധീഷ് പറഞ്ഞു.

മോഹന്‍ലാല്‍ അവതാരകനായ ലാല്‍സലാം എന്ന പരിപാടിയിലാണ് സുധീഷ് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. വളരെ രസകരമായിട്ടാണ് മോഹന്‍ലാല്‍ പരിപാടിയില്‍ സുധീഷിനെ പരിചയപ്പെടുത്തുന്നത്. ‘വളരെ അപൂര്‍വമായിട്ടാണ് ഞാന്‍ സുധീഷ് എന്ന് വിളിക്കുന്നത് (ചിരി) മണിച്ചിത്രത്താഴ് അദ്ദേഹത്തിന് വളരെ മനോഹരമായ ഒരു പേര് കൊടുത്തിട്ടുണ്ട്. പക്ഷെ ഞാന്‍ അത് വിളിക്കുന്നില്ല പക്ഷെ ഈ സിനിമയില്‍, ബാലേട്ടനില്‍ എനിക്കിട്ട് ഒരുപാടു പാരകള്‍ പണിയുന്ന അനിയന്‍ ആണ്’. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Content Highlight: actor Sudheesh about Mohanlal fans and balettan movie