മമ്മൂക്ക കാരവനില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ തന്നെ എന്റെ കിളിപോയി, കരയുമെന്ന ഭാവത്തിലായപ്പോള്‍ പെട്ടെന്ന് കട്ട് വിളിച്ചു: സുധീര്‍ പരവൂര്‍
Entertainment news
മമ്മൂക്ക കാരവനില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ തന്നെ എന്റെ കിളിപോയി, കരയുമെന്ന ഭാവത്തിലായപ്പോള്‍ പെട്ടെന്ന് കട്ട് വിളിച്ചു: സുധീര്‍ പരവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 10:32 am

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹാസ്യതാരമാണ് സുധീര്‍ പരവൂര്‍. കോമഡി പരിപാടികളില്‍ തുടങ്ങി സിനിമയിലൂടെയും ഏറെ ചിരിപ്പിക്കുന്ന നടനാണ് സുധീര്‍. ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പറയുകയാണ് നടന്‍.

പുതിയ നിയമം എന്ന സിനിമയിലാണ് മമ്മൂട്ടിയുമായി സ്‌ക്രീന്‍ പങ്കിടാനുള്ള അവസരം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയെ ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ പേടിച്ച് ഡയലോഗ് മറന്നുപോയെന്നും പിന്നെ മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ ഭയം മാറിയെന്നും സുധീര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അഭിനയ അനുഭവം അദ്ദേഹം പങ്കുവെച്ചത്.

”പുതിയ നിയമം എന്ന സിനിമയില്‍ എനിക്കും ബിനു തൃക്കാക്കരക്കും ചെറിയ വേഷം കിട്ടി. മമ്മൂക്ക രാത്രി ഒരുപാട് ദൂരെ നിന്ന് ബൈക്ക് ഓടിച്ച് വരുന്ന സീനാണ് എടുക്കുന്നത്. അദ്ദേഹം വരുമ്പോള്‍ റോഡില്‍ ഞങ്ങളെ കാണുന്നതും കാര്യം തിരക്കുന്നതും അതിന് ശേഷം എടുക്കേണ്ട സീനാണ്.

മമ്മൂക്ക എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി, എന്താണ് ഇവിടെ പ്രശ്‌നം എന്ന് ചോദിക്കുമ്പോള്‍ ഫസ്റ്റ് ഡയലോഗ് പറയേണ്ടത് ഞാനാണ്. കുറച്ച് ഡയലോഗ് മാത്രമേ പറയാന്‍ ഉള്ളു. പക്ഷേ നേരത്തെ തന്നെ ഒരാള്‍ ഡയലോഗ് നമ്മളെ കൊണ്ട് പഠിപ്പിച്ച് പറയിപ്പിക്കും.

അവര്‍ക്ക് ഭയങ്കര ടെന്‍ഷനാണ്. ഡയലോഗ് ഓക്കെ അല്ലെ, മമ്മൂക്ക വരുമ്പോള്‍ തെറ്റിച്ചാല്‍ പണിയാകുമെന്ന് ഇടക്ക് പറയും. വളരെ കുറച്ച് ഡയലോഗ് മാത്രമെ പറയാനുള്ളു. എല്ലാം ഓക്കെയാണ്.

ഈ സമയത്താണ് മമ്മൂക്ക കാരവാനില്‍ നിന്നും ഇറങ്ങി വന്നത്. അത് കണ്ടപ്പോഴേക്കും എല്ലാവരുടെയും കിളിപോയി. മമ്മൂക്ക അത്രയും കറങ്ങി വന്നിട്ട് നമ്മള്‍ ഡയലോഗ് തെറ്റിക്കുന്നത് ആലോചിച്ചാണ് ടെന്‍ഷന്‍ മുഴുവന്‍.

ആ സമയത്ത് ഭയങ്കര ടെന്‍ഷനായി ഞാന്‍ ഡയലോഗ് മറന്നുപോയി. എന്റെ കൂടെയുള്ള ശിവദാസിന്റെ കണ്ണെല്ലാം കലങ്ങി അവനും പേടിച്ച് നില്‍ക്കുവാണ്. മമ്മൂക്ക ആക്ഷന്‍ പറഞ്ഞപ്പോള്‍ ദൂരെ നിന്ന് ബുളളറ്റില്‍ എന്റെ മുമ്പില്‍ വന്ന് നിന്ന് ഡയലോഗ് പറഞ്ഞു. പക്ഷേ അദ്ദേഹം ചുണ്ട് മാത്രമാണ് അനക്കുന്നത്. എന്റെ വിചാരം ഡയലോഗ് ഉറക്കെ കേള്‍ക്കുമെന്നാണ്.

എന്തോ ഭാഗ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അറിയാതെ അതുവരെ ഓര്‍മ ഇല്ലാത്ത ഡയലോഗ് പറഞ്ഞുപോയി. ടെന്‍ഷന്‍ കൊണ്ട് കണ്ണെല്ലാം കലങ്ങിയാണ് പറയുന്നത് അതുകൊണ്ട് എന്റെ ഭാഗം കറക്ട് ആയി. പക്ഷേ ശിവദാസനാണ് അടുത്ത ഡയലോഗ് പറയേണ്ടത്. അവനോട് ഡയലോഗ് മറന്നുപോയി. ഇപ്പോ കരയും എന്ന രീതിയിലാണ് അവന്‍ നില്‍ക്കുന്നത്.

പെട്ടെന്നാണ് അവര്‍ കട്ട് വിളിച്ചത്. ടെക്‌നിക്കലി പ്രശ്‌നമുണ്ടെന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ട് മാത്രം അവന്‍ രക്ഷപ്പെട്ടു. പിന്നെയും രണ്ട് മൂന്ന് തവണ ആ സീന്‍ എടുക്കേണ്ടി വന്നു. അതുകൊണ്ട് ഡയലോഗ് കാണാതെ മൊത്തം പഠിച്ചു. ആ സമയത്ത് മമ്മൂക്ക നമ്മളോട് കുറച്ച് കോമഡിയൊക്കെ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടര്‍ അടിച്ചു സംസാരിച്ചപ്പോള്‍ ആ ടെന്‍ഷനെല്ലാം മാറി,” സുധീര്‍ പറഞ്ഞു.

content highlight: actor sudheer paravoor about mammootty