കൊച്ചി: മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുധീര്‍ കരമന. തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മമ്മൂക്കയുമൊത്തുള്ള അഭിനയ അനുഭവങ്ങളെപ്പറ്റി പറയുകയാണ് സുധീര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
‘സിനിമാ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നയാളാണ് മമ്മൂക്ക. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല മമ്മൂക്കയായിട്ടുള്ളത്. സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും അടുത്തറിയുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
പണ്ട് പുലി വരുന്നേ പുലി എന്ന സിനിമയുടെ ലൊക്കേഷന്‍ ഞങ്ങളുടെ വീടായിരുന്നു. അന്ന് മമ്മൂക്ക ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നതായി ഓര്‍ക്കുന്നു. മതിലുകള്‍ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിട്ടുണ്ട്.
അന്നൊക്കെ പലപ്പോഴും എന്നോട് മമ്മൂക്ക കുശലങ്ങള്‍ ചോദിക്കാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളും ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു.
മലയാളത്തില്‍ ഇത്രയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹം. കേരളത്തില്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള സ്ലാംഗുകള്‍ ചെയ്യാന്‍ മമ്മൂക്കയ്ക്ക് കഴിയും.
അത്രയ്ക്കും പഠിക്കാന്‍ തയ്യാറാണ് പുള്ളി. മലയാളത്തില്‍ ഇത്രയധികം ഡയലക്ട്‌സ് ഉണ്ടെന്ന് അറിയുന്നത് മമ്മൂക്കയുടെ ഓരോ സിനിമ കാണുമ്പോഴാണ്,’ സുധീര്‍ പറഞ്ഞു.
ഗാനഗന്ധര്‍വ്വനിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത രംഗത്തെപ്പറ്റിയും സുധീര്‍ മനസ്സുതുറന്നു. അതിലെ പ്രഭാകരാ എന്നുള്ള ഒരു ഡയലോഗ് ഉണ്ട്. അതാണ് കൂടുതല്‍ ആകര്‍ഷിച്ചതെന്നും സുധീര്‍ പറയുന്നു.
വളരെ രസകരമായ സീനായിരുന്നു അത്. മമ്മൂക്കയെക്കൊണ്ട് സൈക്കിളില്‍ പോകുന്ന രംഗം. മമ്മൂക്കയേയും ലാലേട്ടനെയും സൈക്കിളില്‍ കൊണ്ടുപോകുമ്പോള്‍ ഒരുപാട് സൂക്ഷിക്കണം.
കാരണം നമ്മളാണ് ഓടിക്കുന്നത്. അവര്‍ പിറകിലിരിക്കുകയാണ്. നമ്മളിലാണ് അവര്‍ സകല കണ്‍ട്രോളും അര്‍പ്പിച്ചിരിക്കുന്നത്. അത്രത്തോളം ശ്രദ്ധയോടെ വേണം നമ്മള്‍ മുന്നോട്ടുപോകാന്‍. പേടിയല്ല വേണ്ടത്.
ശ്രദ്ധയാണ്. പിറകിലിരിക്കുന്നത് ആരാണ് എന്ന ശ്രദ്ധ നമുക്ക് വേണം. അങ്ങനെ ആ സീന്‍ എടുക്കുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയത് മമ്മൂക്ക കേറുന്നതിന് മുമ്പേ ഞാന്‍ സൈക്കിള്‍ ഓടിച്ചുനോക്കിയപ്പോള്‍ ബ്രേക്ക് ഇല്ല എന്ന് മനസ്സിലായി.
മമ്മൂക്കയോട് പറഞ്ഞുകഴിഞ്ഞാല്‍ അപ്പോള്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന ദേഷ്യത്തെക്കുറിച്ച് എനിക്ക് ഊഹിക്കാം. ബ്രേക്കില്ല എന്നുള്ളത് മമ്മൂക്കയോട് പറഞ്ഞില്ല. കാലൂന്നിയാല്‍ സൈക്കിള്‍ നിര്‍ത്താന്‍ കഴിയും എന്ന വിശ്വാസം എനിക്കുള്ളത് കൊണ്ട് അക്കാര്യം പറഞ്ഞില്ല, സുധീര്‍ പറഞ്ഞു,’ സുധീര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actor Sudheer Karamana Shares Experience About Mammootty