മലയാള സിനിമയില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്യുമ്പോഴും അധ്യാപകനെന്ന തൊഴിലിനോടുള്ള ഇഷ്ടം എന്നും മുറുകെ പിടിക്കുന്ന നടനാണ് സുധീര്‍ കരമന.
അധ്യാപകനായതില്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണു താനെന്നും ഏത് ആള്‍ക്കൂട്ടത്തിനിടയിലും ”മാഷേ” എന്നൊരു വിളി തന്നെ തേടിവരാറുണ്ടെന്നും ആ പരിചിതത്വമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നുമാണ് സുധീര്‍ കരമന പറയുന്നത്.
അധ്യാപക ദിനത്തില്‍ മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലായിരുന്നു അധ്യാപന ജീവിതത്തെ കുറിച്ചും അധ്യാപകനില്‍ നിന്നും സിനിമക്കാരനിലേക്കുള്ള യാത്രയെ കുറിച്ചുമൊക്കെ സുധീര്‍ കരമന സംസാരിച്ചത്.
വാസ്തവം എന്ന തന്റെ ആദ്യ ചിത്രത്തിനായി ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ നടന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചും സുധീര്‍ കരമന പറയുന്നുണ്ട്.
‘സിനിമയിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ ഒരനുഭവം പറയാം. ആദ്യമായി അഭിനയിച്ച വാസ്തവം സിനിമയുടെ ഡബ്ബിങ്ങിനായി ലാല്‍ സ്റ്റുഡിയോയിലെത്തി. കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി.
തിരിച്ച് പടികളിറങ്ങുമ്പോള്‍ എതിരെ മമ്മൂക്ക കയറി വരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് നമസ്‌കാരം പറഞ്ഞു. അച്ഛന്റെ കൂടെ സെറ്റുകളില്‍ പോയിട്ടുള്ളതുകൊണ്ട് എന്നെ അദ്ദേഹത്തിന് കണ്ടുപരിചയമുണ്ട്.
രണ്ടു സ്റ്റെപ്പ് കയറിയശേഷം തിരിഞ്ഞുനിന്ന് മമ്മൂക്ക ചോദിച്ചു: ”എന്താ ഇവിടെയെന്ന്.” ഞാന്‍ കാര്യം പറഞ്ഞു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു.
വീണ്ടും പടികള്‍ കയറുംമുന്‍പ് ഒരു ചോദ്യംകൂടി, വേറെന്തുചെയ്യുന്നു. അപ്പോഴാണ് അധ്യാപകനാണെന്നും തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലാണെന്നും പറഞ്ഞത്.
ഉടനെ അദ്ദേഹം തിരിച്ചിറങ്ങി എനിക്ക് ഹസ്തദാനം തന്നു. മലയാളത്തിന്റെ മഹാനടനില്‍നിന്നും ചലച്ചിത്ര ലോകത്തേക്ക് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്,” സുധീര്‍ കരമന പറഞ്ഞു.