കുട്ടികള്‍ തെറ്റുചെയ്താല്‍ അവരെ അടിച്ച് ശിക്ഷിക്കുന്നതിന് പകരം സ്‌നേഹത്തിലൂടെ അവരെ തിരുത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് നടന്‍ സുധീര്‍ കരമന. അധ്യാപകര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം കുട്ടികളെ കളിയാക്കരുത് എന്നതാണെന്നും നടന്‍ പറഞ്ഞു.
30 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് ശേഷം ഈയിടെ അദ്ദേഹം ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അധ്യാപകരെക്കുറിച്ചും വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ചും സുധീര്‍ സംസാരിച്ചത്.
‘കുട്ടികള്‍ തെറ്റുചെയ്താല്‍ അടിക്കുകയൊന്നുമല്ല പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം അവരെ സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പക്ഷേ അധ്യാപകര്‍ക്ക് ഒരിക്കലും പാടില്ലാത്തൊരു ക്വാളിറ്റിയുണ്ട്, അത് കുട്ടികളെ കളിയാക്കരുത് എന്നതാണ്.
മറ്റൊരാള്‍ ഇങ്ങനെയാണ് നീ എന്താടാ ഇങ്ങനെയല്ലാത്തത് എന്നൊന്നും യാതൊരു കാരണവശാലും ഒരധ്യാപകനും ഒരു കുട്ടിയോടും ചോദിക്കരുത്. കുട്ടികള്‍ക്കത് വളരെ മാനസികപ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
കുട്ടികളെ വഴക്ക് പറയുന്നത് കൊണ്ടും ചെറുതായിട്ടൊന്ന് അടിക്കുന്നത് കൊണ്ടും വലിയ കുഴപ്പമില്ല. പക്ഷേ കളിയാക്കരുത്. നമ്മളൊരാളിനെ താഴോട്ട് വലിക്കുന്നതിന് തുല്യമാണ് കളിയാക്കുക എന്നത്. മുതിര്‍ന്ന ആളുകളെല്ലാവരും മനസിലാക്കേണ്ട കാര്യമാണത്, ‘ സുധീര്‍ പറഞ്ഞു.
സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ് എന്നത് ശരിയാണെന്നും അതിനുദാഹരണമാണ് ഇന്ത്യയില്‍ നടക്കുന്ന പരീക്ഷകളെന്നും കുട്ടികളെ കളിയാക്കി കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ എനര്‍ജിയോടെ പ്രവര്‍ത്തിക്കുമെന്നത് തെറ്റായ ധാരണയാണെന്നും സുധീര്‍ പറഞ്ഞു.
‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ്’ എന്നത് ശരിയാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ നടക്കുന്ന പരീക്ഷകളെടുത്തു നോക്കിയാല്‍ മനസിലാകും. പി.എസ്.സി പരീക്ഷ യിലൊക്കെ ‘കയ്യൂക്കുള്ളവന്‍ ആദ്യം’എന്നത് അനുസരിച്ചാണ്. ഇങ്ങനെയെക്കെയാണെങ്കിലും കുട്ടികളുടെ മനസ് വളരെ ലോലമാണ്.
നമുക്ക് തോന്നും അവരെയൊന്ന് കളിയാക്കി കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ എനര്‍ജിയോടെ പ്രവര്‍ത്തിക്കുമെന്ന്. എന്നാലൊരിക്കലും അങ്ങനെയല്ലെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ എനിക്ക് മനസിലായതാണ്.
ഞാന്‍ കുട്ടിയായിരിക്കുന്ന സമയത്ത് എന്നെ കളിയാക്കിയിട്ടുള്ള ടീച്ചേഴ്‌സ് ഉണ്ട്. ആ ടീച്ചേഴ്‌സിനെയൊന്നും എനിക്ക് ഇഷ്ടമല്ല. എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്റെ എന്തെങ്കിലും ക്വാളിറ്റി കണ്ടിട്ട് അഭിനന്ദിച്ചവരെയാണ്.
എനിക്കിപ്പോഴും ഓര്‍മയുണ്ട്, ജിയോഗ്രഫി പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ടീച്ചര്‍ എന്നെ അഭിനന്ദിച്ചത്. ആ അഭിനന്ദനത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഞാന്‍ പിന്നീട് ജിയോഗ്രഫി പ്രധാന വിഷയമായി എടുത്ത് പഠിച്ചത്, ‘ നടന്‍ പറഞ്ഞു.
Content Highlights: Actor Sudheer Karamana about teaching