മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പം അഭിനയിച്ചിട്ടുള്ള നടനാണ് സുദേവ് നായര്‍. മമ്മൂട്ടിയോടൊപ്പം ‘ഭീഷ്മപര്‍വ്വ’ത്തിലും മോഹന്‍ലാലിനൊപ്പം ‘കായംകുളം കൊച്ചുണ്ണി’യിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചതിനെ പറ്റി കേരള കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സുദേവ്.
‘മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മുബൈയില്‍ നിന്ന് ഞാന്‍ കണ്ടത് അധികവും മലയാള സിനിമകളാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. അവരുടെ അഭിനയം നോക്കി പഠിക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞാന്‍ അഭിനയം പഠിക്കുന്നത്.
രണ്ടുപേരെയും നേരില്‍ കാണുമെന്നും ഒപ്പം അഭിനയിക്കുമെന്നും സ്വപ്‌നം കണ്ടു. അത് സത്യമാകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാല്‍ രണ്ടുപേരെയും അടുത്ത് നിന്ന് കണ്ടു, ഒപ്പം അഭിനയിച്ചു. ‘കായംകുളം കൊച്ചുണ്ണി’യില്‍ അഭിനയിക്കുമ്പോള്‍ കോമ്പിനേഷന്‍ സീനില്ലാത്ത സമയത്ത് രണ്ട് മണിക്കൂര്‍ സമയം ലാലേട്ടനുമായി സംസാരിക്കാന്‍ സാധിച്ചു.
കഥാപാത്രമായി മാറുന്നത് എങ്ങനെയാണെന്ന് ലാലേട്ടനോട് ചോദിച്ചു. അത് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ലെന്ന് എനിക്കും അറിയാമായിരുന്നു. അത് പറയാതെ ലാലേട്ടന്‍ പുഞ്ചിരിച്ചപ്പോള്‍ കാര്യം തിരിച്ചറിയാന്‍ സാധിച്ചു.
‘ഭീഷ്മപര്‍വ്വ’ത്തിന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്നാണ് മമ്മൂക്ക ഉച്ചഭക്ഷണം കഴിക്കുന്നത്. അപ്പോള്‍ സംസാരിക്കാന്‍ കുറേ അവസരങ്ങള്‍ ലഭിച്ചു. ഹോളിവുഡ് സിനിമകളെ കുറിച്ച് സംസാരിച്ചു.