നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ഇന്ദ്രജിത്, സുദേവ് നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി വണ്ണം കുറക്കേണ്ടതും കൂടേണ്ടതും ആയി വന്നതിനെ പറ്റി സുദേവ് പറയുന്നത്.
പ്രായമായ കാലഘട്ടം അവതരിപ്പിക്കാന്‍ വണ്ണം കൂട്ടാനായി പൊറോട്ടയും, ബീഫും, ഓള്‍ഡ്മോങ്കും, കോക്കും കഴിക്കുമായിരുന്നു എന്ന് സുദേവ് പറയുന്നു.
പ്രായം കുറഞ്ഞ കാലഘട്ടം ചെയ്യാനായി വണ്ണം കുറക്കേണ്ടത് അവിശ്യമായിരുന്നു. അതിനായി ഡയറ്റ് ചെയ്യേണ്ടി വന്നുയെന്നും ആ സമയം ഓള്‍ഡ് മോങ്ക് ഒഴിവാക്കാന്‍ ആയിരുന്നു ഏറെ മനസാന്നിദ്ധ്യം വേണ്ടിയിരുന്നത് എന്നും സുദേവ് കൂട്ടിച്ചേര്‍ത്തു.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.
തൊഴിലില്ലായ്മ രൂക്ഷമായ കാലഘട്ടത്തില്‍ തൊഴില്‍ വിഭജനത്തിനായി കൊണ്ടുവന്ന ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റേയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.