| Wednesday, 2nd March 2022, 12:12 pm

മമ്മൂക്കയ്‌ക്കൊപ്പവും മമ്മൂക്കയ്ക്ക് വേണ്ടിയും എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് സുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാഹനങ്ങളോടെന്ന പോലെ ക്യാമറകളോടുള്ള മമ്മൂട്ടിയുടെ പ്രണയവും പലര്‍ക്കും പരിചിതമാണ്. വിവിധ തരത്തിലുള്ള ക്യാമറകളുടെ വലിയൊരു ശേഖരം തന്നെ മമ്മൂട്ടിയുടെ കൈയിലുണ്ട്. ചില സിനിമ ലൊക്കേഷനുകളിലൊക്കെ ക്യാമറയുമായി മമ്മൂട്ടി എത്താറുമുണ്ട്.

മമ്മൂട്ടിയെടുത്ത ചില ഫോട്ടോകള്‍ പല താരങ്ങളും പല അവസരങ്ങളിലും പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെടുത്ത ഒരു ചിത്രം പങ്കുവെക്കുകയാണ് നടന്‍ സുദേവ് നായര്‍.

തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് സുദേവ് മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘മമ്മൂക്കയ്‌ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് മമ്മൂക്ക’ എന്നായിരുന്നു സുദേവിന്റെ കുറിപ്പ്.
എടുത്ത ഫോട്ടോ തനിക്ക് ക്യാമറയില്‍ കാണിച്ചുതരുന്ന മമ്മൂക്കയുടെ ചിത്രവും സുദേവ് പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് സുദേവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മമ്മൂക്ക എടുത്ത പിക് പോസ്റ്റ് ചെയ്യണമെന്നാണ് പലരുടേയും ആവശ്യം.

‘മമ്മൂക്കയുടെ ഫോട്ടോ പകര്‍ത്താന്‍ ക്യൂ നില്‍ക്കുന്ന ഈ കാലത്ത് മമ്മൂക്ക ഒരാളുടെ മുന്നില്‍ ക്യാമറയുമായി നില്‍ക്കുന്നുണ്ടെങ്കില്‍ അതൊരു ഭാഗ്യം തന്നെയാണ് ഭായ് എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.

ഭീഷ്മപര്‍വം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. ഭീഷ്മപര്‍വത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. രാജന്‍ എന്നാണ് സുദേവിന്റെ കഥാപാത്രത്തിന്റെ പേര്.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വന്‍ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: Actor Sudev Nair Shares Photo with Mammootty

We use cookies to give you the best possible experience. Learn more