ഒരോ ടേക്ക് കഴിയുമ്പോഴും മമ്മൂക്കയുടെ അടുത്ത് പോയി ശരിയാണോ ശരിയാണോ എന്ന് ചോദിക്കും, അദ്ദേഹം ഇന്‍പുട്ടും തരും, ഒടുവില്‍ അദ്ദേഹം അത് നിര്‍ത്തി: സുദേവ് നായര്‍
രാജന്‍ എന്ന കഥാപാത്രമായെത്തി കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ എത്തിയിരിക്കുകയാണ് ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ നടന്‍ സുദേവ് നായര്‍.
തന്നില്‍ ഏല്‍പ്പിച്ച കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കാനും അദ്ദേഹത്തിന് സാധിച്ചു. അമല്‍നീരദിനൊപ്പം ഒരു പടം എന്നത് പോലും തന്നെ സംബന്ധിച്ച് ഒരു സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് പറയുകയാണ് സുദേവ്.
മമ്മൂട്ടിയെപ്പോലുള്ള ഒരു വലിയ താരത്തിനൊപ്പം അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് കഥാപാത്രമായി എത്തിയപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റ് വലുതായിരുന്നെന്നും ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുദേവ് പറഞ്ഞു.
‘മമ്മൂക്ക സെറ്റില്‍ മമ്മൂക്ക തന്നെയായിരുന്നു. പിന്നെ ക്യാമറ ഓണ്‍ ആകുമ്പോള്‍ ക്യാരക്ടറാണ്. മമ്മൂക്കയെ പോലെയുള്ള ഒരു താരത്തിന് ക്യാരക്ടറിനെ കുറിച്ചോര്‍ത്ത് അങ്ങനെ വലിയ സ്ട്രസ് ഒന്നും എടുക്കേണ്ട ആവശ്യം ഇല്ലല്ലോ.
വലിയ വലിയ ഡയലോഗുകളൊക്കെ നോക്കിയിട്ട് അദ്ദേഹം അപ്പോള്‍ തന്നെ പറയും. ഭയങ്കര കണ്‍ട്രോള്‍ ഉള്ള ആക്ടറാണ് അദ്ദേഹം. മമ്മൂക്കയുടെ കൂടെ ഞാന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എപ്പോഴും ഭയങ്കര നെര്‍വസ് ആവും. അത് എന്താണെന്ന് അറിയില്ല.
ഭീഷ്മ പര്‍വ്വം മമ്മൂക്കക്കൊപ്പമുള്ള എന്റെ നാലാമത്തെ പടമാണ്. എബ്രഹാമിന്റെ സന്തതികളില്‍ മമ്മൂക്കയുമായി ഒരു സീനുണ്ടായിരുന്നു അതില്‍ ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. എന്റെ ഹൃദയം മിടിക്കുന്നത് ഒരുപക്ഷേ മമ്മൂക്ക കൂടി കേട്ടിട്ടുണ്ടാകും. അത്ര നെര്‍വസ് ആയിരുന്നു.
ഞാന്‍ എല്ലാ ടേക്ക് കഴിഞ്ഞിട്ടും മമ്മൂക്കയുടെ അടുത്ത് ചോദിക്കും സര്‍ ഇത് ശരിയായിരുന്നോ ശരിയായിരുന്നോ എന്ന്. മമ്മൂക്ക ഇടയ്ക്ക് ഇന്‍പുട്ടും തരും. പിന്നെ ഇടയ്ക്ക് മമ്മൂക്ക ഇന്‍പുട്ട് തരുന്നത് നിര്‍ത്തി ഞാന്‍ കറക്ട് ട്രാക്കില്‍ വന്നപ്പോഴായിരിക്കാം അത്. പിന്നെ ഞാന്‍ ചോദിക്കുമ്പോള്‍ നീ ചെയ്യുന്നത് ശരിയായി എന്ന് അദ്ദേഹം പറഞ്ഞു.
മൈക്കിളിന് എതിരായി രാജന്‍ വന്നപ്പോള്‍ നെര്‍വസായോ എന്ന ചോദ്യത്തിന് അത് സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു സുദേവിന്റെ മറുപടി. ഒരു നടനെന്ന നിലയില്‍ താന്‍ വളരെ നെര്‍വസ് ആയിരുന്നെന്നും പക്ഷേ അത് താന്‍ പുറത്തുകാണിച്ചിട്ടില്ലെന്നും അത്ര കോണ്‍ഫിഡന്‍സിനല്‍ ഡയലോഗ് പറഞ്ഞതെന്നും സുദേവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Sudev Nair share his experiance with Mammootty on Bheeshmaparvam