സൗബിന്‍ ഷാഹിര്‍, മഞ്ജു വാര്യര്‍ എന്നിവരൊന്നിച്ച വെള്ളരിപട്ടണം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സലീം കുമാര്‍, വീണ നായര്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി അഭിനേതാക്കളുമുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയാണിത്.
കോണ്‍ഗ്രസ്, ബി.ജെ.പി. കമ്യൂണിസ്റ്റ് തുടങ്ങിയ പ്രധാന പാര്‍ട്ടികളെയും അവയുടെ മുന്നണികളെയുമാണ് ചിത്രത്തില്‍ പരിഹസിക്കുന്നത്. സുനന്ദ എന്ന കഥാപാത്രമായി മഞ്ജു വാര്യരെത്തുമ്പോള്‍ സുരേഷ് എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റ പേര്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുനന്ദയുടെ സഹോദരനായാണ് ചിത്രത്തില്‍ സൗബിനെത്തുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകനാണെങ്കിലും നാട്ടിലും വീട്ടിലും പ്രത്യേകിച്ച് വിലയില്ലാത്ത കഥാപാത്രമാണ് സൗബിന്റേത്. പഞ്ചായത്ത് മെമ്പറായ മഞ്ജു വാര്യരുടെ സ്ഥാനത്ത് എത്താനായി പരിശ്രമിക്കുന്നുണ്ടെങ്കിലും സൗബിന്‍ ചിത്രത്തില്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അബദ്ധങ്ങളായാണ് കാണിക്കുന്നത്.
സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സൗബിനെ ചിത്രത്തില്‍ ഒരു പണിയും ഉത്തരവാദിത്തവും ബോധവുമില്ലാത്ത വ്യക്തിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അവസാനം ആഗ്രഹിച്ച പൊസിഷനിലേക്ക് സൗബിന്‍ എത്തുന്നതായി കാണിക്കുന്നുണ്ട്. പക്ഷെ വലിയ ത്രില്ലിങ്ങില്ലാതെയാണ് ഇതെല്ലാം അവതരിപ്പിച്ചിരിക്കുന്നത്.
ചേച്ചിയുടെ ചിലവില്‍ ജീവിക്കുന്ന സുരേഷ് പുറത്തുപോകുമ്പോള്‍ ചേച്ചിയായ മഞ്ജു വാര്യറിന് പണി കൊടുക്കണമെന്നാണ് സംസാരിക്കുന്നത്. ചേച്ചിയായ മഞ്ജുവിന്റെ സുനന്ദയേയും ഇതേ രീതിയിലാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനം വരെ ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹത്തെയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
ചിത്രത്തിലെ സൗബിന്റെ വോയ്സ് മോഡുലേഷനൊക്കെ വളരെ അസഹനീയമാണ്. ഒരേ മോഡുലേഷനും ഡയലോഗ് ഡെലിവറിയുമാണ് സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സൗബിന്‍ കാഴ്ചവെക്കുന്നത്.
അമ്പിളി എന്ന സിനിമയോട് സാമ്യം തോന്നുന്ന അല്ലെങ്കില്‍ പൂര്‍ണമായും അതില്‍ നിന്നും പുറത്തുകടക്കാത്ത പെര്‍ഫോമന്‍സാണ് സൗബിന്‍ കാഴ്ചവെക്കുന്നത്. മഞ്ജു വാര്യറും സൗബിനും തമ്മിലുള്ള രംഗങ്ങള്‍ അരോചകമായി തോന്നുന്നതും പ്രേക്ഷകരെ മടുപ്പിക്കുന്നതുമാണ്.
ഇരുവരും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചത് ജാക്ക് ആന്‍ ജില്‍ എന്ന ചിത്രത്തിലാണ്. വലിയ പരാജയമായ ചിത്രത്തിന് സമാനമായ അനുഭവമാണ് വെള്ളരിപട്ടണവും. സോഷ്യല്‍ മീഡിയകളിലൂടെ കേട്ട് മടുത്ത കോമഡികളെല്ലാം കുത്തി നിറച്ച് പുതിയതായി ഒന്നും ഇല്ലാത്ത ചിത്രമാണിത്.
content highlight: actor subin shaheer performance in vellaripattanam movie