പൃഥ്വിരാജിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകളെ ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്നും സുബീഷ് സുധി പറഞ്ഞു.
അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണമെന്നും അനിയനാവണമെന്നും അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണമെന്നും സുബീഷ് സുധി വ്യക്തമാക്കി.
നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ അങ്ങേരെ എത്രത്തോളം അവഹേളിച്ചാലും അങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ലെന്നും സുബീഷ് സുധി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
”നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനതാഘോഷമാക്കാം. പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളില്‍ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമര്‍ശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരെ മക്കളെ പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല,” സുബീഷ് പറഞ്ഞു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് സംഘപരിവാര്‍ ചാനലായ ജനം ടി.വി രംഗത്തെത്തിയത്.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നത്.
ചാനലിന്റെ എഡിറ്ററായ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ടെന്നും സുരേഷ് ബാബു ലേഖനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസുമടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞത്. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം ജനം ടി.വി പിന്‍വലിക്കുകയായിരുന്നു.