| Friday, 19th January 2018, 12:30 pm

ഒരു തമിഴ് നിര്‍മ്മാതാവിന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത്: വെളിപ്പെടുത്തലുമായി സോളോ നായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് കന്നട നടി ശ്രുതി ഹരിഹരന്‍. ഹൈദരാബാദില്‍ നടന്ന ഇന്ത്യാ ടുഡെ സൗത്ത് കോണ്‍ക്ലെയ്‌വില്‍ സംസാരിക്കുകയായിരുന്നു അവര്‍.  സോളോയിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് ശ്രുതി.

ആദ്യം കന്നട ചിത്രത്തില്‍ അഭിനയിക്കാനായി പോയപ്പോള്‍ തന്നെ ഇത്തരമൊരു അനുഭവമാണ് നേരിട്ടതെന്നാണ് ശ്രുതി പറയുന്നത്. പിന്നീട് ആ സിനിമ ഉപേക്ഷിക്കുകയാണുണ്ടായതെന്നും അവര്‍ പറയുന്നു.

” എന്റെ ആദ്യ കന്നട സിനിമയില്‍ 18ാം വയസില്‍ എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനാകെ ഭയന്നു മരവിച്ച് കരഞ്ഞുപോയത് ഓര്‍ക്കുന്നു. എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊന്നും കൈകാര്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇതുംവിട്ട് പോയ്‌ക്കോ എന്നാണ്” ശ്രുതി പറയുന്നു.

ഒരു തമിഴ് നിര്‍മാതാവിന്റെ പീഡനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് നല്ല അവസരങ്ങള്‍ ലഭിക്കാതായെന്നും അവര്‍ വെളിപ്പെടുത്തി.

“ആദ്യത്തെ അനുഭവം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമായിരുന്നു ഇത്. തമിഴിലെ മുന്‍നിര സംവിധായകരിലൊരാള്‍ കന്നട ചിത്രത്തിന്റെ റൈറ്റ് വാങ്ങിക്കുകയും തമിഴ് റീമേക്കില്‍ അതേ റോളില്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ഞാന്‍ പറയാം, ” ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ ആവശ്യം വരുമ്പോഴൊക്കെ കൈമാറി ഉപയോഗിക്കും.” – ഞാനൊരു ചെരുപ്പും കൊണ്ടാണ് നടക്കുന്നതെന്ന് പറഞ്ഞ് ഞാന്‍ തിരിച്ചടിച്ചു.” ശ്രുതി പറയുന്നു.

ഈ സംഭവത്തിനുശേഷം തനിക്കൊപ്പം വര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന പ്രചരണം സിനിമാ രംഗത്തുണ്ടായെന്നും ഇത് തനിക്ക് അവസരം കുറയാന്‍ കാരണമായെന്നും അവര്‍ പറയുന്നു. പലര്‍ക്കും ഇതിന്റ സത്യാവസ്ഥ അറിയാമായിരുനെന്നും ശ്രുതി പറയുന്നു.

We use cookies to give you the best possible experience. Learn more