അന്ന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് അയാളെന്നെ രാമനാഥായെന്ന് ഉറക്കെ വിളിച്ചു: മണിച്ചിത്രത്താഴിലെ രാമനാഥന്‍
Entertainment
അന്ന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് അയാളെന്നെ രാമനാഥായെന്ന് ഉറക്കെ വിളിച്ചു: മണിച്ചിത്രത്താഴിലെ രാമനാഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 8:32 pm

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന നടനാണ് ശ്രീധര്‍. സിനിമയില്‍ രാമനാഥന്‍ എന്ന മഹാദേവനായാണ് നടന്‍ അഭിനയിച്ചത്. കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന നടനും ഒരു മികച്ച നര്‍ത്തകനുമാണ് ശ്രീധര്‍.

ഓരോ ജനറേഷന്‍ കഴിയുമ്പോഴും ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതാണ് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പ്രത്യേകതയെന്ന് പറയുകയാണ് നടന്‍. തന്നെ തിരിച്ചറിഞ്ഞാല്‍ ആളുകള്‍ ചുറ്റും വന്നുനിന്ന് സംസാരിക്കാറുണ്ടെന്നും ശ്രീധര്‍ പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പറയുകയാണ് നടന്‍.

മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പ്രത്യേകത ഓരോ ജനറേഷന്‍ കഴിയുമ്പോഴും ആളുകള്‍ ആ സിനിമയെ ഇഷ്ടപ്പെടുന്നു എന്നതാണ്. ആ സിനിമ കണ്ട ആളുകള്‍ എന്നെ കണ്ട് തിരിച്ചറിഞ്ഞാല്‍ എന്റെ ചുറ്റും വന്നു നിന്ന് സംസാരിക്കാറുണ്ട്.

പലരും ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന പാട്ടിന് ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും അങ്ങനെ ആവശ്യപ്പെടുമ്പോള്‍ ‘ഞാന്‍ എങ്ങനെയാണ് ചെയ്യുക. ഡാന്‍സ് കളിക്കാന്‍ പാട്ടില്ലല്ലോ. പാട്ട് ഉണ്ടെങ്കില്‍ മാത്രമല്ലേ ആ ഡാന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ’വെന്ന് ഞാന്‍ മറുപടി നല്‍കും.

അത് കേട്ടാല്‍ ഉടനെ തന്നെ ചുറ്റും കൂടി നില്‍ക്കുന്ന ആളുകള്‍ അവരുടെ ഫോണുകള്‍ ഉയര്‍ത്തും. ഒരു 50 പേരെങ്കിലും പാട്ട് പ്ലേ ചെയ്യാനായി അവരുടെ ഫോണുകളും കൊണ്ടുവരും. ഒരിക്കല്‍ ഞാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയപ്പോള്‍ അവിടെ നിന്ന് ഒരാള്‍ എന്നെ ‘രാമനാഥാ’യെന്ന് ഉറക്കെ വിളിച്ചു.

അപ്പോള്‍ ഞാന്‍ അങ്ങനെയൊരു കാര്യം ഇമാജിന്‍ ചെയ്തിരുന്നില്ല. കാര്യം അയാള്‍ മണിച്ചിത്രത്താഴിലെ കഥാപാത്രത്തെയാണ് വിളിക്കുന്നത്. ഞാന്‍ കരുതിയത് അയാള്‍ മറ്റാരെയോയാകും വിളിക്കുന്നത് എന്നാണ്. എന്നാല്‍ അയാള്‍ എന്നെ നോക്കിയാണ് രാമനാഥന്‍ എന്ന് വിളിച്ചത്.

‘മണിച്ചിത്രത്താഴില്‍ ഞാന്‍ നിങ്ങളെ രാമനാഥനായിട്ട് കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടമായി’ എന്ന് പറഞ്ഞു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആളുകള്‍ എന്റെ ആ കഥാപാത്രത്തെ ഓര്‍ക്കുന്നത് വലിയ കാര്യമല്ലേ. രാമനാഥനോട് ആളുകള്‍ക്ക് അത്രമാത്രം അഫക്ഷനുണ്ട്. ഒരു നടനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാന്‍ ഏറെ ഭാഗ്യമുള്ള വ്യക്തിയാണ്,’ ശ്രീധര്‍ പറഞ്ഞു.

Content Highlight: Actor Sridhar Talks About Manichithrathazhu Movie