മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടനാണ് ശ്രീധര്‍. ചിത്രത്തില്‍ നാഗവല്ലിയുടെ രാമനാഥന്‍ എന്ന മഹാദേവനായാണ് നടന്‍ എത്തിയത്. കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന നടനും നര്‍ത്തകനുമാണ് ശ്രീധര്‍.
എന്നാല്‍ മണിച്ചിത്രത്താഴ് സിനിമക്ക് ശേഷം കുറേനാളുകള്‍ കഴിഞ്ഞപ്പോഴാണ് അതെത്ര വലിയ വിജയമായിരുന്നുവെന്ന് താന്‍ അറിയുന്നതെന്ന് പറയുകയാണ് നടന്‍. ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിലേക്ക് വന്നുവെന്നല്ലാതെ ആ സിനിമ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്തിരുന്നില്ലെന്നും ശ്രീധര്‍ പറഞ്ഞു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് ‘മണിച്ചിത്രത്താഴിലെ രാമനാഥന്‍ അല്ലേ’യെന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ കഥാപാത്രത്തിന്റെ പവര്‍ മനസിലാക്കുന്നതെന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
‘മണിച്ചിത്രത്താഴ് എന്ന സിനിമ കഴിഞ്ഞ് കുറേനാളുകള്‍ കഴിഞ്ഞപ്പോഴാണ് അതെത്ര വലിയ വിജയമായിരുന്നുവെന്ന് ഞാന്‍ അറിയുന്നത്. ഞാന്‍ ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിലേക്ക് വന്നുവെന്നല്ലാതെ ആ സിനിമ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്തിരുന്നില്ല.
കാരണം ആ സമയത്ത് ഞാന്‍ കന്നഡയില്‍ വളരെ തിരക്കിലായിരുന്നു. യാത്രയും പ്രോഗ്രാമുകളുമായി സമയം ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഞാന്‍ അന്ന് കേരളത്തില്‍ വന്നിട്ട് ആ സിനിമ കാണണമായിരുന്നു. സിനിമയില്‍ അഭിനയിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.
കുറേനാളുകള്‍ കഴിഞ്ഞാണ് മണിച്ചിത്രത്താഴ് ഞാന്‍ കാണുന്നത്. സിനിമ ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്ന് സംസാരിക്കാന്‍ തുടങ്ങി. ‘മണിച്ചിത്രത്താഴിലെ രാമനാഥന്‍ അല്ലേ’ എന്നാണ് അവരൊക്കെ ചോദിച്ചിരുന്നത്.
ആ സമയത്താണ് ഞാന്‍ ആ കഥാപാത്രത്തിന്റെ പവര്‍ മനസിലാക്കുന്നത്. നാഗവല്ലിയുടെ രാമനാഥന് എത്രത്തോളം റീച്ച് കിട്ടിയെന്ന് മനസിലാക്കാന്‍ ഞാന്‍ വൈകി. മലയാളികളായ ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നത് ആ സിനിമയിലൂടെയാണ്.
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഏറ്റവും ചെറിയ കഥാപാത്രമായിരുന്നു എന്റേത്. അതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് വലിയ ഒരു മൈല്‍ സ്റ്റോണ്‍ തന്നെയായി. വളരെ വ്യത്യസ്തമായ സിനിമയും പാട്ടുമായിരുന്നു അത്,’ ശ്രീധര്‍ പറഞ്ഞു.
Content Highlight: Actor Sridhar Talks About His Character In Manichithrathazhu