മലയാളത്തിലെ ത്രില്ലര്‍ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഫഹദ് ഫാസിലിന്റെ വരത്തനാണെന്ന് നടന്‍ ശ്രീറാം കാര്‍ത്തിക്. വരത്തന്‍ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഫഹദിന്റെ അഭിനയം ശ്രദ്ധിക്കാറുണ്ടെന്നും ശ്രീറാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തന്റെ പുതിയ ചിത്രം പാതിരക്കാറ്റ് ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെങ്കിലും തമിഴിലെ രാക്ഷസന്‍ സിനിമ പോലെയല്ലെന്നും ശ്രീറാം പറഞ്ഞു. ത്രില്ലര്‍ ഴോണറിലുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയാണ് പാതിരക്കാറ്റെന്നും നടന്‍ പറഞ്ഞു.
”രാക്ഷസന്‍ സിനിമ വേറെ ഴോണറാണ്. ത്രില്ലറില്‍ തന്നെ നിറയെ ഴോണറുകള്‍ ഉണ്ട്. രാക്ഷസന്‍ വേറെ ഴോണര്‍ തന്നെയാണല്ലോ. അതുപോലെയല്ല പാതിരക്കാറ്റ്. ഈ സിനിമ അതില്‍ നിന്നും വ്യത്യസ്തമായ ഫാമിലി എന്റര്‍ടെയ്‌നറാണ്. ഫാമിലിയായിട്ട് വരുന്ന ഓഡിയന്‍സിനും പാതിരക്കാറ്റ് ഇഷ്ടമാവും.
മലയാളത്തിലെ ത്രില്ലറുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഫഹദ്ഫാസിലിനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അദ്ദേഹത്തിന്റെ വരത്തന്‍ എന്ന സിനിമ ഒരുപാട് ഇഷ്ടമാണ്. അത്തരത്തില്‍ മലയാളത്തില്‍ നിന്നുമുള്ള ത്രില്ലര്‍ സിനിമകള്‍ ഞാന്‍ കാണാറുണ്ട്,” ശ്രീറാം കാര്‍ത്തിക് പറഞ്ഞു.
ഫെബ്രുവരി പത്തിനാണ് പാതിരാക്കാറ്റ് തിയേറ്ററുകളിലെത്തുന്നത്. സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാതിരാക്കാറ്റിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും നജീബ് മടവൂരാണ്. പുതുമുഖങ്ങളായ ആവണി, ഷരോണ്‍ എന്നിവരാണ് ചിത്രത്തില്‍ നായിക വേഷങ്ങളില്‍ എത്തുന്നത്.
ഷാഹുഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റെജിമോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാഷാണം ഷാജി, നിര്‍മല്‍ പാലാഴി, സന്തോഷ് കീരാറ്റൂര്‍, സിനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actor sreeram karthik about fahadh fasil