| Thursday, 24th June 2021, 1:14 pm

ചില താരങ്ങള്‍ ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ അഭിനയിക്കുന്നേയുണ്ടായിരുന്നില്ല; റിലീസായപ്പോള്‍ ചിത്രം പൊളിഞ്ഞ് പഞ്ചറായി; ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സത്യന്‍ അന്തിക്കാട്- മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. നീന കുറുപ്പ് നായികയായെത്തിയ ചിത്രമായിരുന്നു ഇത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവസാന നിമിഷം ചിത്രത്തിന്റെ കഥ പൊളിച്ചെഴുതേണ്ടി വന്ന ഓര്‍മ്മകള്‍ ശ്രീനിവാസന്‍ പങ്കുവെച്ചത്.

‘വിജയങ്ങള്‍ക്ക് ശേഷം ഞങ്ങളെ മൊത്തത്തില്‍ തകര്‍ത്ത് കളഞ്ഞ സിനിമയെപ്പറ്റി ചില ഓര്‍മ്മകള്‍ പറയാം. ആ സിനിമയാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. മമ്മൂട്ടിയാണ് അതില്‍ പ്രധാനപ്പെട്ട വേഷത്തിലഭിനയിച്ചത്.

ശരിക്കും ആ സിനിമ ഷേക്‌സ്പിയറുടെ ‘ടെയ്മിംഗ് ഓഫ് ദി ഷ്രൂ’ എന്ന കഥയെ പശ്ചാത്തലമാക്കിയായിരുന്നു എഴുതിയിരുന്നത്. അഹങ്കാരിയായിരുന്ന ഒരു പെണ്ണിന്റെ അഹങ്കാരം പുരുഷന്‍ അവസാനിപ്പിക്കുന്ന ഒരു ചെറിയ നോട്ടായിരുന്നു ടെയ്മിംഗ് ഓഫ് ദി ഷ്രൂ. ആ നോട്ടില്‍ നിന്ന് ഒരു കഥയുണ്ടാക്കാനുള്ള ശ്രമമായിരുന്നു ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമ,’ ശ്രീനിവാസന്‍ പറഞ്ഞു.

‘വളരെ രസകരമായ ധാരാളം സംഭവങ്ങളുള്ള ഒരു കഥ, ആദ്യാവസാനം വരെ ജനങ്ങളെ രസിപ്പിക്കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ സംഭവിച്ചത്. കഥാപാത്രങ്ങളായി അഭിനയിക്കുന്ന നടീനടന്‍മാര്‍, അത് ആരൊക്കെയാണ് എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. വിചാരിച്ച രീതിയിലല്ല അഭിനയിച്ചത്.

ഇതിലെ പല വേഷങ്ങളും ഞങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലല്ല നീങ്ങുന്നതെന്ന് ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ രീതിയിലല്ല മുന്നോട്ടുപോകുന്നതെങ്കില്‍ ചിത്രം വലിയ പ്രശ്‌നത്തിലാകുമെന്ന് എനിക്ക് മനസ്സിലായി.

അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. നമുക്ക് കഴിയുന്ന നടീനടന്‍മാരെ വെച്ച് പിന്നീട് ചിത്രം ഷൂട്ട് ചെയ്യാമെന്ന്. ഏകദേശം ഒരു മാസം കഴിഞ്ഞ് മാത്രമെ അത് നടക്കുകയുള്ളു.

അപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍മ്മാതാക്കളെ ഇക്കാര്യം അറിയിച്ചു. എന്നാല്‍ അവര്‍ ഈ അഭിപ്രായത്തെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. മമ്മൂട്ടിയ്ക്ക് ഒരുപാട് തിരക്കുകളുള്ളതാണ്.

ഒരുമാസം കഴിഞ്ഞ് അദ്ദേഹത്തിന് ചിലപ്പോള്‍ സമയമുണ്ടായിക്കൊള്ളണമെന്നില്ല. അങ്ങനെയാണെങ്കില്‍ സിനിമ നടക്കില്ല. അതുകൊണ്ട് ഷൂട്ടിംഗ് മുന്നോട്ട് പോയേ പറ്റുവെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

എന്തായാലും ഞങ്ങള്‍ ആലോചിച്ച കഥ ഈ രീതിയില്‍ ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ കഥ ഒന്ന് പൊളിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പകുതിയ്ക്ക് ശേഷം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി.

ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് തന്നെ കഥ പൊളിയ്ക്കുക എന്നത് ഒട്ടും നല്ല കാര്യമല്ല. അത് ശരിയായ ദിശയിലേക്കല്ല നമ്മളെ എത്തിക്കുന്നത്. എന്തൊക്കെയോ ചെയ്ത് പടം ഇറങ്ങി. സിനിമ പൊളിഞ്ഞ് പഞ്ചറായി. അതിന് ശേഷം കുറച്ചുകാലത്തേക്ക് ഞങ്ങള്‍ പുറത്തൊന്നും ഇറങ്ങാതെയായി,’ ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Sreenivasan Talks About Sreedharnate Onnam Tirumuriv  Film

We use cookies to give you the best possible experience. Learn more