| Sunday, 2nd April 2023, 1:07 pm

ഞാനൊരു കമ്മ്യൂണിസ്റ്റാണെന്ന് ആദ്യം വിശ്വസിച്ചു, കോളേജിലെത്തിയപ്പോള്‍ ആദ്യ വര്‍ഷം കെ.എസ്.യുവില്‍ പിന്നെ എബി.വി.പിയില്‍: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രാഷ്ട്രീയ ആഭിമുഖ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. താന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂരിലായത് കൊണ്ടും അതിലുപരി തന്റെ പിതാവ് കമ്മ്യൂണിസ്റ്റായതുകൊണ്ടും താനും കമ്മ്യൂണിസ്റ്റാണെന്നാണ് അന്നൊക്കെ ചിന്തിച്ചിരുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

പിന്നീട് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആദ്യത്തെ ഒരു വര്‍ഷം കെ.എസ്.യുവിലും പിന്നീട് എബി.വി.പിയിലും താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ഗാന്ധിയെ കുറിച്ചൊക്കെ അറിയുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അതുപോലെ അച്ഛനൊരു കളരി അഭ്യാസി കൂടിയായിരുന്നു. ഞാന്‍ പഠിച്ച സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം നമ്മളും കളരി പഠിക്കണമായിരുന്നു. ആ സ്‌കൂളില്‍ കളരിയൊരു വിഷയമായിരുന്നു.

അതുവരെയൊക്കെ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് വിശ്വസിച്ചിരുന്നത്. അച്ഛന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ കുറിച്ചിട്ടൊക്കെ ഞാന്‍ കേള്‍ക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരും എല്ലാവരും കോണ്‍ഗ്രസുകാരാണ്.

അങ്ങനെ കോളേജില്‍ ചെന്നപ്പോള്‍ ഒരു കൊല്ലം ഞാന്‍ കെ.എസ്.യുക്കാരനായി. ഒറ്റടയിക്ക് ഞാന്‍ അങ്ങോട്ടേക്ക് മാറി. കാരണം എനിക്കൊരു ബോധവുമില്ല. ഞാന്‍ എന്ത് വേണമെങ്കിലുമാകും. പിന്നെ ഒരുത്തന്‍ എന്നെ സ്ഥിരമായിട്ട് ബ്രെയിന്‍ വാഷ് ചെയ്യുന്നുണ്ടായിരുന്നു. അവനാണെങ്കില്‍ എ.ബി.വി.പിക്കാരനായിരുന്നു. അങ്ങനെ അതിന്റെ അടുത്ത കൊല്ലം ഞാന്‍ എബി.വി.പിയായി.

എ.ബി.വിപിക്ക് രക്ഷാ ബന്ധന്‍ പോലെയുള്ള പരിപാടിയൊക്കെ ഉണ്ടല്ലോ. അങ്ങനെ അതും കെട്ടി ആദ്യമായിട്ട് എന്റെ നാട്ടിലിറങ്ങിയ ഒരാള്‍ ഞാനാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്‌നമായി മാറിയിരുന്നു. എന്താടാ വട്ടായോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിച്ചു. പിന്നെ എന്റെയൊരു സുഹൃത്ത് എന്ത് മണ്ണാങ്കട്ടയാടാ കെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് ചരട് പൊട്ടിക്കാന്‍ നോക്കി.

അപ്പോള്‍ ഞാന്‍ പറഞ്ഞു, നീയിത് പൊട്ടിക്കുന്നതും നിന്നെ ഞാന്‍ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന്. അവന്‍ പെട്ടെന്ന് കൈ വലിച്ചു. എനിക്ക് ഭ്രാന്താണ്, ഏതിനകത്ത് പോയാലും ഭ്രാന്താണ്,” ശീനിവാസന്‍ പറഞ്ഞു.

content highlight:actor sreenivasan talks about his politics

We use cookies to give you the best possible experience. Learn more