കൊച്ചി: മലയാള സിനിമയുടെ തുടക്കകാലത്ത് കോടമ്പാക്കത്ത് സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും കൂടുതല്‍ പഠിക്കാനായി നിരവധി പേര്‍ കേരളത്തില്‍ നിന്ന് വണ്ടി കയറിയിരുന്നു. ഇന്നത്തെ സൂപ്പര്‍ താരങ്ങളില്‍ പലരും കോടമ്പാക്കത്തെ ഓര്‍മ്മകള്‍ പല അവസരങ്ങളിലും പങ്കുവെച്ചിരുന്നു.
കോടമ്പാക്കത്ത് വളരെക്കാലം ജീവിച്ച നടന്‍ കൂടിയാണ് ശ്രീനിവാസന്‍. ചേംബര്‍ ഓഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സ്‌മേറ്റായിരുന്നു തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍ നല്‍കിയ ഒരഭിമുഖം ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കൈരളി ടിവി പരിപാടിക്കിടെയായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
‘ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളപ്പോള്‍ രജനീകാന്തിന് മണിയോര്‍ഡര്‍ വരുമായിരുന്നു. പോസ്റ്റ്മാന്‍ ക്ലാസ്സിന് മുന്നില്‍ വന്നിട്ട് ശിവാജി റാവുക്ക് മണിയോര്‍ഡര്‍ വന്തിറുക്ക്, എന്ന് പറയുമ്പോള്‍ രജനീ ചാടി എഴുന്നേല്‍ക്കും.
എന്നിട്ട് ഈ പോസ്റ്റ്മാനെ വിളിച്ചുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ പിറകിലേക്ക് പോകും. കാരണം പത്ത് പതിനഞ്ച് മണിയോര്‍ഡറാണ് അദ്ദേഹത്തിന്റെ പേരില്‍ വരുന്നത്. ഒരു രൂപയുടെയും രണ്ട് രൂപയുടെയും ഒക്കെ.
ബാംഗ്ലൂരില്‍ നിന്ന് പാവപ്പെട്ട സുഹൃത്തുക്കള്‍ അയച്ചുകൊടുക്കുന്നതാണ്. ഈ കുറഞ്ഞ തുകയുടെ മണിയോര്‍ഡര്‍ ആരും കാണണ്ടെന്ന് വിചാരിച്ചാണ് പിറകിലേക്കുള്ള ഈ ഓട്ടം.
രജനീകാന്ത് ആ സുഹൃത്തുക്കളെയൊന്നും ഒരിക്കലും മറന്നില്ല. കടപ്പാടുകള്‍ മറക്കാത്ത ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം. ഒരു യഥാര്‍ത്ഥ കലാകാരന്‍. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം എന്തും വാരിക്കോരി കൊടുക്കും,’ ശ്രീനിവാസന്‍ പറയുന്നു.
1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു ഗെയ്ക്കവാദ് എന്ന രജനീകാന്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
അദ്ദേഹത്തിന്റെ പേര് രജിനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.
എസ്.പി. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷമാണ് രജനിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.