| Monday, 21st June 2021, 1:00 pm

കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി അന്ന് പറഞ്ഞു,ഞാന്‍ ധര്‍മ്മസങ്കടത്തിലായി; വടക്കുനോക്കിയന്ത്രം ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം. പാര്‍വതിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയിരുന്നത്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയും പാര്‍വതിയുടെ ശോഭ എന്ന കഥാപാത്രത്തെയും ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്നു.

ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രീനിവാസന്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് പാര്‍വതിയുമായുണ്ടായ ഓര്‍മ്മ ശ്രീനിവാസന്‍ പങ്കുവെച്ചത്.

‘വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ അവസാനം. ഞാനും പാര്‍വതിയും ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണല്ലോ. അതില്‍ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാന്‍ പാര്‍വതിയെ വീട്ടിലേക്ക് വിളിക്കാന്‍ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാന്‍ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ്.

പക്ഷെ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. കാരണം എനിക്ക് അസുഖം മാറി എന്ന് അവര്‍ വിശ്വസിക്കുന്നില്ല. അച്ഛനെയും അമ്മയേയും ധിക്കരിച്ച് പാര്‍വതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങള്‍ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്.

സീന്‍ എടുക്കുന്നതിന് കുറച്ചുമുമ്പ് പാര്‍വതി അസോസിയേറ്റ് ഡയറക്ടര്‍ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്,’ ശ്രീനിവാസന്‍ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍ കേട്ട് താന്‍ ധര്‍മ്മസങ്കടത്തിലായെന്നും ശ്രീനിവാസന്‍ പറയുന്നു.

അന്നെനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാല്‍ പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്,’ ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Sreenivasan Shares Experience About Parvathy Jayaram

We use cookies to give you the best possible experience. Learn more