| Thursday, 11th March 2021, 8:34 am

'അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐ, പിന്നെ എ.ബി.വി.പി; സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി 20യിലെത്തി'; പി.ജയരാജന് മറുപടിയുമായി ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഒരു കാലത്ത് എ.ബി.വി.പിക്കാരനായിരുന്നു നടന്‍ ശ്രീനിവാസന്‍ എന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീനിവാസന്‍.

”അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്തു ഞാന്‍ എസ്.എഫ്.ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെ.എസ്.യുക്കാരനായി. അല്‍പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എ.ബി.വി.പിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി 20ക്കാരനായി,” പി. ജയരാജന്റെ വിമര്‍ശനത്തിന് പിന്നാലെ ശ്രീനിവാസന്‍ പറഞ്ഞു.

തനിക്ക് തോന്നിയാല്‍ ഇവിടെനിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താത്ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാം എന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് അദ്ദേഹമെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

‘രാജ്യത്ത് ട്വന്റി ട്വന്റി വളര്‍ന്നുവരണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കേരളത്തില്‍ ട്വന്റി ട്വന്റി വളര്‍ന്നുവരണമെന്ന് പറഞ്ഞുകഴിഞ്ഞാല്‍ രാജ്യത്ത് അംബാനിമാരും അദാനിമാരും സ്വാധീനിക്കുന്ന തരത്തില്‍ ഒരു ഭരണമുണ്ടാവുക എന്നതിന് തുല്യമാണ്. ജനപക്ഷ വികസനമാണ് നാടിന് വേണ്ടത്.

ട്വന്റി ട്വന്റിയുടേത് വികസന കാഴ്ചപ്പാടല്ല. അത് പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്ന കാഴ്ച്ചപ്പാടാണ്,’ പി. ജയരാജന്‍ പറഞ്ഞു. വോട്ട് പണം കൊടുത്ത് വാങ്ങുക, എം.എല്‍.എമാരെയും എം.പിമാരെയും പണം കൊടുത്ത് വാങ്ങുക എന്നിവ ജനാധിപത്യത്തെ പണാധിപത്യമാക്കുക എന്നതാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മചെയ്യാന്‍ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി യെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടത്തിയതു പോലൊരു പരീക്ഷണമാണ് ട്വന്റി ട്വന്റിയും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Sreenivasan Reply to P Jayarajan’s ABVP Comment

We use cookies to give you the best possible experience. Learn more