പിണറായിയോട് എതിര്‍പ്പില്ല; ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് ശ്രീനിവാസന്‍
Kerala News
പിണറായിയോട് എതിര്‍പ്പില്ല; ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് ശ്രീനിവാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 11:27 pm

കൊച്ചി: ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. മുഖ്യമന്ത്രി പിണറായി വിജയനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരു മിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മചെയ്യാന്‍ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വന്റി20 യെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടത്തിയതു പോലൊരു പരീക്ഷണമാണ് ട്വന്റി 20യും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’15 വര്‍ഷം മുമ്പ് പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് നടുവേദനയ്ക്ക് ചികിത്സിക്കാന്‍ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം. സി ജേക്കബ് വൈദ്യനെ കാണുന്നത്. ഇന്ന് ട്വന്റി ട്വന്റിയില്‍ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ല,’ ശ്രീനിവാസന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ ട്വിന്റി ട്വന്റിയില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ മറ്റിടങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടി ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അതേസമയം നേരത്തെ പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ ജനവിധി തേടുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Sreenivasan comment on twenty twenty says no problem with Pinarayi