മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടന്‍ ശ്രീനിവാസനും കുടുംബവും. ധ്യാനിനെ പോലെ തന്നെ അഭിമുഖങ്ങളില്‍ തഗ്ഗ് ഡയലോഗുകള്‍ പറഞ്ഞ് ആളുകളെ ചിരിപ്പിക്കുന്നയാളാണ് ശ്രീനിവാസന്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ശ്രീനിവാസന്റെ പുതിയ വിശേഷങ്ങളറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
മൂവീ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പഴയകാലത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട് ശ്രീനിവാസനും ഭാര്യ വിമലയും. ഒപ്പം തങ്ങളുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വളരെ രസകരമായ മറുപടികളാണ് ശ്രീനിവാസന്‍ നല്‍കുന്നത്.
ഭാര്യയെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ എന്താണെന്ന ചോദ്യത്തിന് അങ്ങനെ നല്ല ഓര്‍മകള്‍ ഒന്നും ഇല്ലെന്നായിരുന്നു ശ്രീനിവാസന്റെ ചിരിയോടെയുള്ള മറുപടി. തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നായിരുന്നു ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീനിവാസന്റെ മറുപടി.
അബദ്ധമല്ലെന്ന് ആ ചിരിയിലുണ്ടല്ലോ എന്ന ചോദ്യത്തിന് സത്യമായും ഞാന്‍ വേറെ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ശ്രീനിവാസന്റെ അടുത്ത മറുപടി. ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്. അവരെ സ്വന്തമാക്കിയാല്‍ സമാധാനമാകുമെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.
ഞാന്‍ കള്ളമല്ല പറയുന്നത്. ആളുടെ പേര് ഞാന്‍ പറയുന്നില്ല. ആള്‍ ഉണ്ട്. ഇവളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് (ഭാര്യയെ നോക്കി). എന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒരാളെ കുറിച്ചൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും വേറെ ഒരു കല്യാണം കഴിക്കണമെന്നൊക്കെ മുന്‍പും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ചിരിയോടെയുള്ള വിമലയുടെ മറുപടി. കല്യാണം കഴിക്കണമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് പറയുന്നുണ്ട്.
സിനിമയില്‍ ഒരുപാട് വിവാഹം കഴിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് അത് പോരെന്നും ജീവിതത്തില്‍ തന്നെ ഒരു വിവാഹം കൂടി കഴിക്കണമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.
എന്നാല്‍ കല്യാണം നടക്കുമെന്ന മോഹം മനസിലിരുന്നോട്ടെ എന്നായിരുന്നു ഇതിനോടുള്ള വിമലയുടെ മറുപടി. ഞാന്‍ കല്യാണം കഴിച്ചാല്‍ നീ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അത് അപ്പോള്‍ കാണാമെന്നും ഇപ്പോള്‍ പറയേണ്ട കാര്യമില്ലല്ലോയെന്ന് വിമലയും തിരിച്ചടിച്ചു. എന്നാല്‍ ഇത് കേട്ടതോടെ തന്റെ മറുപടി ചിരിയില്‍ ഒതുക്കുകയായിരുന്നു ശ്രീനിവാസന്‍.
കല്യാണ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനമായില്ലേ എന്ന ചോദ്യത്തിന് തീരുമാനമായില്ല എന്നും കല്യാണം കഴിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഇവള്‍ പറയണമെന്നുമായിരുന്നു ശ്രീനിവാസന്റെ ആവശ്യം. ഇതോടെ നിങ്ങള്‍ കല്യാണം കഴിച്ചോളൂ. കഴിക്കേണ്ടെന്ന് ഞാന്‍ പറയുന്നില്ല എന്ന രസകരമായ മറുപടിയായിരുന്നു വിമല നല്‍കിയത്.
ശ്രീനിയേട്ടന്‍ ആശുപത്രിയില്‍ സീരിയസായി കിടക്കുന്ന സമയത്ത് പൊറോട്ട വേണമെന്ന് ധ്യാനിനോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വിമലയുടെ മറുപടി. ശ്രീനിയേട്ടന് അസുഖമൊന്നും ഇല്ലാത്ത ഏതെങ്കിലും സന്ദര്‍ഭത്തില്‍ ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാകുമായിരിക്കും. ബാക്കിയെല്ലാം നുണയാണെന്നും വിമല പറഞ്ഞു.
കൊല്ലത്തില്‍ ഒരിക്കലെങ്ങാന്‍ ഒരു പൊറോട്ട കഴിച്ചാലായി. കുട്ടികള്‍ ഇഷ്ടപ്പെട്ടു പോകുന്നതിന് പണ്ടു മുതലേ ഈ സാധനം വീട്ടില്‍ കയറ്റാറില്ല. മൈദ കൊണ്ട് ഉണ്ടാക്കുന്നതല്ലേ. എല്ലാവരോടും കഴിക്കരുത് എന്നാണ് ഞാന്‍ പറയാറ്.
എപ്പോഴെങ്കിലും എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ധ്യാന്‍ ചോദിച്ചപ്പോള്‍ ചിലപ്പോള്‍ പൊറോട്ട വാങ്ങിക്കാന്‍ പറഞ്ഞു കാണും. അത് അവന്‍ ഈ രീതിയില്‍ പറഞ്ഞതാണ്. ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ആള്‍ക്കാര്‍ എല്ലാവരും തമാശയില്‍ ആണ് എടുക്കുന്നത് എന്നറിയാം. എന്നാലും ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് സങ്കടം വന്നിട്ടുണ്ടെന്നും വിമല പറഞ്ഞു.
ചെന്നൈയില്‍ അച്ഛന്‍ കഷ്ടപ്പെട്ടപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞിരുന്നു. അത് ശരിയാണോ എന്ന ചോദ്യത്തിന് കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ മുക്കാല്‍ ഭാഗവും നുണയാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. പൈസെയൊന്നും ഒത്തിരി ഇല്ലായിരുന്നു. എന്നാല്‍ അതൊന്നും ഒരു കഷ്ടപ്പാടായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു.
Content Highlight: Actor Sreenivasan and Wife Vimala Funny Conversation about Marriage