|

അധികാരം പിണറായിയെയും ദുഷിപ്പിച്ചു, ആക്ഷേപഹാസ്യം കൊണ്ട് രാഷ്ട്രീയക്കാരെ നന്നാക്കാമെന്ന വിശ്വാസം നഷ്ടമായി: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സന്ദേശം’ പോലെയൊരു സിനിമ ഇന്നത്തെ കാലത്ത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ശ്രീനിവാസന്‍. ‘സന്ദേശം’ പോലെയൊരു സിനിമ  കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ആക്ഷേപഹാസ്യം കൊണ്ട് രാഷ്ട്രീയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

” ആക്ഷേപഹാസ്യം കൊണ്ടൊന്നും ഇനി കാര്യമില്ല. രാഷ്ട്രിയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസമൊക്കെ നഷ്ടമായി. ഇന്നത്തെ രാഷ്ട്രീയം അതുംകടന്ന് പോയിരിക്കുന്നു. പിണറായി വിജയന്‍ എം.എല്‍.എയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ട്.

എന്നാല്‍ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു അധികാരത്തിലേറിയത് തന്നെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്.

പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പില്‍ വല്ലഭായ് പട്ടേലിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ അധികാരത്തിലേറിയത് നെഹ്റുവും” – ശ്രീനിവാസന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചൊരു വിലയിരുത്തല്‍ നടത്താന്‍ സമയമായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംതവണ അധികാരത്തിലെത്തിയിട്ടും വിലയിരുത്താനായില്ലേയെന്ന ചോദ്യത്തിന് മോദി – അദാനി ബന്ധത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം.

content highlight: actor sreenivasan about pinarayi vijayan