| Sunday, 2nd April 2023, 4:34 pm

പ്രേം നസീര്‍ സാറിന്റെ സിനിമ മോഹന്‍ലാല്‍ നിരസിച്ചു, അതിനുള്ള കാരണം എന്നോട് മാത്രമെ പറഞ്ഞിട്ടുള്ളൂ: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പ്രേം നസീറിന് മോഹന്‍ലാലിനെ വെച്ച് കൊണ്ട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നതിനെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. മോഹന്‍ലാലിന് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും തന്നോട് മാത്രമെ ഇക്കാര്യം പറഞ്ഞിട്ടുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മോഹന്‍ലാല്‍ നായകനായ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രേം നസീര്‍ സാര്‍ വന്നു. അദ്ദേഹത്തിന് ചെറിയ റോളാണ്. വല്ലപ്പോഴും മാത്രമെ സെറ്റില്‍ വരേണ്ടതുള്ളൂ. പ്രിയനാണ് സംവിധായകന്‍. അദ്ദേഹത്തിന് സെറ്റില്‍ ബോറടിക്കാന്‍ പാടില്ല, കൂടെ തന്നെ ഉണ്ടാകണമെന്ന് പ്രിയനെന്നോട് പറഞ്ഞു.

സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം എന്റെയും മോഹന്‍ലാലിന്റെയും സിനിമകളെക്കുറിച്ച് പറഞ്ഞു. ഞങ്ങളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്നും കഥയുണ്ടെങ്കില്‍ പറയണമെന്നൊക്കെ പറഞ്ഞു. കഥ ഞാന്‍ നോക്കി വെക്കാമെന്നൊക്കെ അദ്ദേഹത്തോട് മറുപടി പറഞ്ഞു.

നല്ലൊരു മനുഷ്യനാണ്. പണ്ടത്തെ അനുഭവങ്ങളൊക്കെ എന്നോട് പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യിക്കാന്‍ അദ്ദേഹത്തിന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചു.

അറിഞ്ഞോ… നസീര്‍ സാര്‍ ഇങ്ങനെയൊരു പടം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. വയസ് കാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് എന്നോട് ചോദിച്ചു. ലാലിന് ഇഷ്ടമല്ലെങ്കില്‍ ആ കാര്യം പറഞ്ഞാല്‍ പോരെയെന്നും എന്തിനാണ് വേറെ കാര്യങ്ങള്‍ പറയുന്നതെന്നും ഞാന്‍ തിരിച്ച് ചോദിച്ചു.

പക്ഷെ നസീര്‍ സാര്‍ സിനിമ ചെയ്യാനായി താത്പര്യം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. നസീര്‍ സാറിന്റെ പടമായതുകൊണ്ട് മോഹന്‍ലാല്‍ ചെയ്യുമെന്നാണ് അവരുടെയൊക്കെ വിചാരം. എന്നോടല്ലെ മറ്റേക്കാര്യം പറഞ്ഞിട്ടുള്ളൂ. അന്ന് ഞാന്‍ ആലോചിച്ച കഥയാണ് പിന്നെ സന്ദേശം സിനിമയാക്കി ചെയ്തത്.

കഥ അവര്‍ക്കും അന്ന് ഇഷ്ടമായിരുന്നു. നസീര്‍ സാറിന്റെ സുഹൃത്ത് നടരാജ് മോഹന്‍ലാലിനോട് ഡേറ്റിന്റെ കാര്യം പറയാന്‍ ചെന്നു. മോഹന്‍ലാല്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു. എന്ത് ചതിയാടോ എന്നോട് ചെയ്തതെന്ന് ചോദിച്ചു. മോഹന്‍ലാലിന് ഇഷ്ടമില്ലാതെ അഡ്വാന്‍സ് വാങ്ങേണ്ടി വന്നു.

പക്ഷെ സുഖമില്ലാതെ നസീര്‍ സാര്‍ പെട്ടെന്ന് മരിച്ചു. പ്രൊജക്ട് കാര്യമായി തുടങ്ങിയിട്ടില്ലായിരുന്നു. അദ്ദേഹം മരിച്ച ദിവസത്തെ മനോരമ പത്രം എടുത്ത് ഞാന്‍ നോക്കുമ്പോള്‍ അതില്‍ കാണുന്നത് നസീര്‍ സാറിനെ പുകഴ്ത്തിക്കൊണ്ട് മോഹന്‍ലാല്‍ എഴുതിയ കുറിപ്പാണ്.

അതിലുള്ള ഒരു വരി ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്, നസീര്‍ സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, അത് നടന്നില്ല എന്നായിരുന്നു മോഹന്‍ലാല്‍ എഴുതിയത്,” ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor sreenivasan about mohanlal

We use cookies to give you the best possible experience. Learn more