വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ചാനലിന് വേണ്ടി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ അനുഭവങ്ങള്‍ പറഞ്ഞ് നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീനിവാസന്‍ അഭിമുഖത്തെ കുറിച്ചും പിണറായി വിജയനെ കുറിച്ചും സംസാരിച്ചത്.
‘ആ സമയത്ത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ജനങ്ങളെ കാണിക്കണമെന്ന ആഗ്രഹവുമായാണ് കൈരളി ചാനലുകാര്‍ അദ്ദേഹത്തിന്റെ അഭിമുഖം നടത്താനായി എന്നെ സമീപിക്കുന്നത്. അദ്ദേഹത്തെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം. വളരെ ബുദ്ധിമുട്ടുള്ള ജോലിയാണത്.
ആദ്യം അവര്‍ തീരുമാനിച്ചിരുന്നത് കൈരളി ചാനല്‍ ചെയര്‍മാനായ മമ്മൂട്ടി, ശ്രീ പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യുമെന്നായിരുന്നു്. എന്നാല്‍ അവര്‍ കൂടിയാലോചന നടത്തിയപ്പോള്‍ രണ്ട് പേരും ഭയങ്കരമായി ബലം പിടിക്കുമെന്നും ചിരി വരില്ലെന്നും മനസ്സിലായി. കാഴ്ചക്കാര്‍ അതുകണ്ട് ചിരിച്ചേക്കുമെന്നും ചാനലുകാര്‍ക്ക് തോന്നി. അതുകൊണ്ടാണ് എന്നെ അഭിമുഖത്തിനായി ഏര്‍പ്പാട് ചെയ്യുന്നത്,’ ശ്രീനിവാസന്‍ പറഞ്ഞു.
ഒരു വടക്കന്‍ വീരഗാഥ എന്ന പേരില്‍ കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്ത പിണറായി വിജയന്‍ജ-ശ്രീനിവാസന്‍ അഭിമുഖത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും കാഴ്ചക്കാരുണ്ട്. പിണറായി വിജയന്റെ ഇതുവരെ പുറത്തുവന്ന അഭിമുഖങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണ് ഇത്. പിണറായിയുടെ വ്യക്തി ജീവിതവും രാഷ്ട്രീയനിലപാടുകളുമെല്ലാം അഭിമുഖത്തില്‍ പ്രതിപാദിപ്പിച്ചിരുന്നു.