| Sunday, 12th February 2023, 5:36 pm

വിമാനം താഴോട്ടേക്ക് ഒറ്റപോക്ക്, ആളുകള്‍ നിലവിളിച്ചിട്ടും കൂസലില്ലാതെ അയാള്‍ ഇരുന്നു: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതജ്ഞന്‍ ബാലമുരളി കൃഷ്ണനെ താന്‍ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. താന്‍ യാത്ര ചെയ്ത വിമാനം വലിയ ശബ്ദത്തോടെ താഴോട്ട് പതിച്ചുവെന്നും എല്ലാവരും അലറി വിളിക്കാന്‍ തുടങ്ങിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ തന്റെ അടുത്തിരുന്ന ബാലമുരളി മാത്രം വളരെ കൂളായിട്ട് ഇരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. എയര്‍ പോക്കറ്റില്‍ വീമാനങ്ങള്‍ വീഴുന്നത് സാധാരണ സംഭവമാണെന്ന് അദ്ദേഹമാണ് തനിക്ക് പറഞ്ഞ് തന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളു. ഒരു തവണ തിരുവനന്തപുരത്ത് നിന്ന് മദിരാശിക്ക് പോകുന്ന വിമാനം രാത്രി ഏഴ് മണിക്ക് പെട്ടെന്ന് താഴോട്ടേക്ക് ഒരു പോക്കായിരുന്നു. ഞാന്‍ അടക്കമുള്ള ആളുകള്‍ കൂട്ട നിലവിളിയാണ്.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു വലിയ ശബ്ദം കേട്ടു. പൈലറ്റിന്റെ നിയന്ദ്രണത്തിലേക്ക് വിമാനമെത്തി. പക്ഷെ എന്റെ നെഞ്ചിടിപ്പ് നിന്നില്ല. പക്ഷെ എന്റെ അടുത്തിരിക്കുന്ന ഒരു മനുഷ്യന്‍ വളരെ കൂളായിട്ട് ഇരിക്കുകയാണ്. എനിക്ക് അത്ഭുതം തോന്നി ഇതെന്ത് വിചിത്ര മനുഷ്യനെന്ന് ഞാന്‍ ചിന്തിച്ചു.

ഇത്രയും ആളുകള്‍ നിലവിളിച്ചിട്ടും അയാള്‍ക്ക് ഒരു കൂസലും ഇല്ല. വിമാനം താഴോട്ടേക്ക് വീഴാന്‍ നോക്കിയിട്ടും താങ്കള്‍ എന്താണ് കൂളായിട്ട് ഇരിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു.

കൂളായിട്ടല്ലാതെ ഇരുന്നാല്‍ താഴോട്ട് വീഴാതിരിക്കുമോയെന്ന് ചോദിച്ചു. എന്നാലും മനുഷ്യനായാല്‍ കുറച്ച് ഭയം ഒക്കെ ഉണ്ടാവില്ലെയെന്ന് ഞാന്‍ ചോദിച്ചു. എയര്‍ പോക്കറ്റില്‍ വീമാനങ്ങള്‍ വീഴുന്നത് സാധാരണ സംഭവമാണ്. ഒരു മൂവായിരം അടിവരെ അങ്ങനെ പോയാല്‍ കുഴപ്പമില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പിന്നെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മുഖം തിരിച്ചറിഞ്ഞത്. പ്രശസ്ത സംഗീതജ്ഞന്‍ ബാലമുരളി കൃഷ്ണനാണ്,” ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor sreenivasan about balamurali krishnan

We use cookies to give you the best possible experience. Learn more