തിരുവനന്തപുരം: നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍ സത്യനാഥ്. ശ്രീനാഥിന്റെ കൊലപാതകത്തിന് സിനിമയുമായി ബന്ധമുണ്ടെന്നും മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു.
ശിക്കാര്‍ സിനിമയ്ക്കിടെയാണ് ശ്രീനാഥ് മരിക്കുന്നത്. എന്നാല്‍ മരമം നടന്ന വിവരം വീട്ടിലറിയിച്ചത് പൊലീസ് ആയിരുന്നു. അന്ന് സിനിമയുടെ ലൊക്കേഷനിലുണ്ടായ തര്‍ക്കത്തെ കുറിച്ച് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല.
സിനിമയിലഭിനയിക്കാനായി എത്തിയ അദ്ദേഹത്തെ ആ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ശ്രീനാഥുമായി വ്യക്തിബന്ധമുണ്ടായിട്ടും അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങിന് മോഹന്‍ലാല്‍ എത്തിയില്ലെന്നും സത്യനാഥ് ആരോപിക്കുന്നു.
ശ്രീനാഥിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന മുറിവുകളൊന്നും വേണ്ട രീതിയില്‍ പൊലീസ് അന്വേഷില്ലെന്നും സഹോദരന്‍ പറയുന്നു.
അതേസമയം ശ്രീനാഥിന്റേത് ആത്മഹത്യ തന്നെയായിരുന്നെന്ന് ശിക്കാര്‍ സിനിമയുടെ സംവിധായകന്‍ എം. പദ്മകുമാര്‍ പ്രതികരിച്ചു. സെറ്റില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതെന്നും പത്മകുമാര്‍ പ്രതികരിച്ചു.
അതേസമയം ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായതായാണ് റിപ്പോര്‍ട്ട്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുളള മറുപടി പൊലീസ് നല്‍കിയത്.
2010 മേയില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്.
കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.