|

വന്നപ്പോള്‍ തന്നെ 'താന്‍ ലേറ്റാണല്ലോ, തന്നെ മെരുക്കാന്‍ വേണ്ടി വന്നതാണ് ഞങ്ങള്‍' എന്നാണ് പറഞ്ഞത്; എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. ഇതില്‍ താരത്തിനെതിരെ കേസുമെടുത്തിട്ടുണ്ട്.

അഭിമുഖത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും വിവാദത്തെ കുറിച്ചും പ്രതികരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി. താന്‍ പെരുമാറിയ രീതി തെറ്റാണെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും ഭാസി പറഞ്ഞു.

”ചട്ടമ്പിയുടെ റിലീസ് ഡേറ്റ് നേരത്തെ ആക്കിയപ്പോള്‍ ഒരു ദിവസം പത്തുപന്ത്രണ്ട് ഇന്റര്‍വ്യൂകള്‍ കൊടുക്കണമായിരുന്നു. ഉറക്കം കുറവായിരുന്നു ഇതിനിടയില്‍ ഡബ്ബിങ്ങുമുണ്ട്. അങ്ങനെയുള്ള തിരക്കുകള്‍ കാരണമുള്ള ടെന്‍ഷനും പ്രഷറുമുണ്ടായിരുന്നു. പിന്നെ ചട്ടമ്പി എനിക്ക് വളരെ പേഴ്‌സണലായുള്ള സിനിമയാണ്.

ഇത്രകാലം അഭിനയിച്ചിട്ട് എനിക്ക് ആദ്യമായി കിട്ടുന്ന വലിയ റോളാണ്. അതുകൊണ്ടാണ് ഇത്രയും ഇന്റര്‍വ്യൂകള്‍ക്ക് പോയത്. ഞാനങ്ങനെ സാധാരണ കുറേ ഇന്റര്‍വ്യൂകള്‍ക്ക് പോകാറില്ല, എന്തെങ്കിലും പറഞ്ഞ് പോകുമോ എന്ന് എനിക്ക് പേടിയാണ്.

അങ്ങനെ മൂന്നാല് ഇന്റര്‍വ്യൂകള്‍ കഴിഞ്ഞതിന് ശേഷമാണ് എറണാകുളത്ത് വെച്ച് ഈ ഇന്റര്‍വ്യൂ നടന്നത്. ഓരോ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ മുഷിഞ്ഞു. അതൊരു നല്ല കാര്യമല്ല, ഞാന്‍ ന്യായീകരിക്കുകയല്ല. വളരെ മാനുഷികമായി സംഭവിച്ച് പോയതാണത്.

എനിക്ക് ബുദ്ധിമുട്ടാണ്, ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് പറയുമ്പോള്‍, ക്യാമറയിലൂടെ ഇവര്‍ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആണെന്ന് അറിഞ്ഞിട്ടും അവരത് ഷൂട്ട് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഷൂട്ട് ചെയ്യരുത്, ക്യാമറ ഓഫ് ചെയ്യണമെന്ന് പറഞ്ഞത്.

കുറേ കഴിഞ്ഞപ്പോള്‍ പ്രഷറിലായി പോയി. അങ്ങനെ റിയാക്ട് ചെയ്ത് പോയതാണ്. അല്ലാതെ കാണുന്നവരോടൊക്കെ ഞാന്‍ ഒച്ചയെടുക്കില്ലല്ലോ.

പക്ഷെ ഒരു സ്ത്രീയെ ആക്ഷേപിക്കുന്നത് പോലെയോ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് പോലെയോ പേഴ്‌സണലി അറ്റാക്ക് ചെയ്യുന്നത് പോലെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇത് ശരിയല്ല, ഇത് നടക്കില്ല എന്ന് പറഞ്ഞ് ഞാന്‍ പോവുകയായിരുന്നു.

എനിക്ക് ഇവരോടൊന്നും സംസാരിക്കേണ്ട, എന്ന് ഞാന്‍ പി.ആറിനോട് പറഞ്ഞിരുന്നു. പിന്നെ പുറത്തിരുന്ന് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ ചില അസഭ്യ വാക്കുകള്‍ എന്റെ വായില്‍ നിന്നും വന്നിരുന്നു. പക്ഷെ അവതാരകരെയോ ആരെയെങ്കിലുമോ പേഴ്‌സണലി പറഞ്ഞതല്ല, എന്റെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്.

”ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഞാന്‍ ആദ്യമായാണ് ഇവരെ കാണുന്നത്. ഇവരുടെ ഷോകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇവരുടെയടുത്താണ് പോകുന്നതെന്നും അറിയില്ല. ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് ഉടന്‍ അടുത്തതിന് കയറി ഇരിക്കുകയാണ്.

ഇവര് വലിയ കണ്ടന്റുണ്ടാക്കുന്ന ആള്‍ക്കാരാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകക്കുള്ള എല്ലാ റെസ്‌പെക്ടും കൊടുത്തിട്ട് വന്നിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് നേരെ മറിച്ചാണ് തന്നത്.

വന്നിരുന്നപ്പോള്‍ തന്നെ ഡയറക്ട് ഡിസ്‌റെസ്പക്ടായിരുന്നു. ‘താന്‍ ലേറ്റാണല്ലോ, തന്നെ മെരുക്കാന്‍ വേണ്ടി വന്നിരിക്കുകയാണ് ഞങ്ങള്‍ രണ്ട് പേര്‍’, എന്ന് പറഞ്ഞു. അത് ശരിയല്ല. മെരുക്കാന്‍ ഞാന്‍ പശുവോ മൃഗമോ ഒന്നുമല്ലല്ലോ. ഇങ്ങനെ ചില കാര്യങ്ങള്‍ ഫണ്ണാണെന്നുള്ള രീതിയില്‍ പറഞ്ഞ് അത് കുറേ ആയിക്കഴിഞ്ഞപ്പോള്‍ എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്.

ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ കുറച്ചുകൂടി മെച്വേഡായി കണ്ട്, ഇവരെല്ലാം പറയുന്നത് പോലെ ‘വെറും ഫണ്ണായി’ കണ്ട് മിണ്ടാതിരിക്കണമായിരുന്നു. ക്ഷമ പറയാന്‍ അവരെ വിളിച്ചപ്പോഴേക്കും അവര്‍ പൊട്ടിത്തെറിച്ചിരുന്നു. ‘കാണിച്ച് തരാമെടാ’ എന്ന ലൈനായി അവര്‍,” ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Actor Sreenath Bhasi talks about the recent controversy