| Saturday, 24th September 2022, 7:01 pm

പനി വന്നെന്നു കരുതി മനുഷ്യരെ കൊന്നുകളയുമോ; അതുപോലെ തെരുവുനായ്ക്കളുടെ കാര്യത്തിലും ചെയ്യേണ്ടതുണ്ട്: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെരുവുനായ പ്രശ്‌നത്തെ കേരളം കുറച്ചുകൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് നടന്‍ ശ്രീനാഥ് ഭാസി.
പനി വന്നു എന്നുകരുതി മനുഷ്യരെ കൊല്ലാറില്ലല്ലോ. അതുകൊണ്ട് അതുപോലെ എന്തെങ്കിലും തീരുമാനം തെരുവുനായ്ക്കളുടെ കാര്യത്തിലും ചെയ്യേണ്ടതുണ്ടെന്നും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

”സംസാരിക്കാന്‍ പറ്റാത്ത മൃഗങ്ങള്‍ക്കിട്ട് പണിയുന്നതില്‍ എനിക്ക് വലിയ താല്‍പര്യമില്ല. എനിക്ക് മൂന്ന് പട്ടികളുണ്ട്. പട്ടിയെ പട്ടിയായി തന്നെയാണ് എല്ലാവരും കാണുന്നത്. എന്നാലും അതിന് അതിന്റേതായ റെസ്പക്ടും സ്‌നേഹവും എല്ലാ ആള്‍ക്കാരും കൊടുക്കുന്നുണ്ട്.

തെരുവു നായകള്‍ക്ക് അതിന് വേണ്ട ഷെല്‍റ്ററും കാര്യങ്ങളുമൊക്കെ കൊടുക്കുന്നുണ്ട്. നമ്മുടെ സ്റ്റേറ്റ് വളരെ സെന്‍സിബിളാണ്. എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാവുന്ന ആള്‍ക്കാരാണ്. ഒരു സംസ്ഥാനമെന്ന നിലയില്‍ തെരുവുനായ്ക്കളുടെ വിഷയം നമുക്ക് കുറച്ചുകൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് തോന്നുന്നു.

പേവിഷബാധ ആളുകള്‍ക്ക് വരാന്‍ കാരണം ഈ നായ്ക്കള്‍ പുറത്തിങ്ങനെ നടക്കുന്നത് കൊണ്ടാണ്. ഇവരെ ഷെല്‍റ്ററിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ല.

എന്റെ വീട്ടില്‍ ഒരു പട്ടി വരുന്നത് വരെ എനിക്കും പട്ടികളെ ഭയങ്കര പേടിയായിരുന്നു. ഇത് റിലേറ്റീവായ കാര്യമാണ്. എന്റെ കൂട്ടുകാരില്‍ തന്നെ പട്ടികളെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പേടിയുള്ളവരുമുണ്ട്.

പൊതുവായി സംസാരിക്കുമ്പോള്‍, ഒരു മിണ്ടാപ്രാണിയെ നമ്മള്‍ കുറച്ചുകൂടി വൃത്തിയായി ഡീല്‍ ചെയ്യേണ്ടതുണ്ട്. അവര് ചെയ്യുന്നത് തെറ്റ്, ഇവര് ചെയ്യുന്നത് ശരി എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്.

പേവിഷബാധ വന്ന് ആരും മരിക്കാന്‍ പാടില്ല. അതിന് ഇപ്പോഴും ചികിത്സയുള്ളതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

പനി വന്നു എന്നുകരുതി നമ്മള്‍ മനുഷ്യരെ കൊന്നുകളയുമോ, ഇല്ലല്ലോ. അതുകൊണ്ട് അതുപോലെ എന്തെങ്കിലും നമ്മള്‍ ചെയ്യേണ്ടതുണ്ട്,” ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 23നായിരുന്നു ചട്ടമ്പി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മൈഥിലി, ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അഭിലാഷ് എസ്. കുമാറാണ് ചട്ടമ്പി സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: Actor Sreenath Bhasi talks about stray dogs in Kerala

We use cookies to give you the best possible experience. Learn more