| Friday, 23rd September 2022, 3:27 pm

കഷ്ടപ്പെട്ട് തന്നെയാ പണിയെടുക്കുന്നേ, ഇനിയും അഭിനയിക്കും, അല്ലെങ്കില്‍ വല്ല വാര്‍ക്ക പണിക്ക് പോവും: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന ആലപ്പുഴ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ശ്രീനാഥ് ഭാസി. കഴിഞ്ഞ ജൂലൈ 14ന് സ്‌പോര്‍ട്‌സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയന്റ് കഫെ ഉദ്ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നുവെന്നും നാലുലക്ഷം മുന്‍ക്കൂറായി നല്‍കുകയും ചെയ്തുവെന്നുമാണ് ക്ലബ്ബ് ഭാരവാഹികള്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ യു.കെയില്‍ ആയതിനാല്‍ പരിപാടി നീട്ടി വെക്കാന്‍ ആവശ്യപ്പെട്ടു. പരിപാടി നീട്ടിവെച്ചതുകൊണ്ട് ഒരു മാസം നീളുന്ന ടൂര്‍ണമെന്റ് നടത്താനായില്ലെന്നും ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ആദ്യം തന്നെ വിളിച്ചപ്പോള്‍ തനിക്ക് വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നതാണെന്നും പൈസ തിരിച്ച് തരാമെന്ന് പറഞ്ഞെങ്കിലും തന്നെ ഭീഷണിപ്പെടുത്തിയെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞു.

‘ഒരാള്‍ക്ക് കസേരയിലിരുന്ന് കംമ്പ്യൂട്ടറില്‍ ഒന്നു പോടാ എന്ന് കമന്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. എനിക്ക് അത് മനസിലാവുന്നതാണ്. എന്തുകൊണ്ടാണ് ഒരു സിറ്റുവേഷന്‍ ഉണ്ടാകുന്നത്, എന്തു കാരണത്താലാണ് എന്ന് ആരും അന്വേഷിക്കില്ല. നോക്കുമ്പോഴെന്താ, അവന്റെ പേരുണ്ട്, പെട്ടെന്ന് ന്യൂസ് കൊടുക്കും. ഇതിന്റെ സത്യാവസ്ഥകളോ, എന്തുകൊണ്ടാണ് എനിക്ക് വരാന്‍ സാധിക്കാത്തതെന്നോ അന്വേഷിക്കില്ല.

വെറുതെ ആള്‍ക്കാര് ടി.വി ചാനലില്‍ വന്നിരുന്നിട്ട് പറയുകയാണ് എന്തിനാ ശ്രീനാഥ് ഭാസി, വേറെ ആരെയെങ്കിലും വിളിച്ചാല്‍ പോരെയെന്ന്. എന്നെ വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞതാ, സാധിക്കില്ലെന്ന്, എനിക്ക് വരാന്‍ പറ്റുന്ന ഒരു ഡേറ്റ് പറഞ്ഞോളാന്‍ പറഞ്ഞു. പിന്നെ എനിക്ക് പറ്റില്ലാന്ന് പറഞ്ഞു, പൈസ തിരിച്ച് തരാന്ന് പറഞ്ഞു. പക്ഷേ അവര്‍ക്ക് അത് പറ്റില്ല, അവര്‍ വേറെ പരിപാടി കാണിക്കുന്നു.

മച്ചാനേ നിനക്ക് പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്റെ വീടും പള്ളുരുത്തിലാണ്, ഞാനും കൊച്ചീലാണ്, എന്താന്ന് വെച്ചാല്‍ ചെയ്യ് ചേട്ടാ. ഞാന്‍ പൈസ തരാം, എനിക്ക് വരാന്‍ പറ്റില്ല, പണിയുണ്ട്, സുഖമില്ല, എനിക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല, ഇതൊക്കെ ഞാന്‍ പറയുന്നുണ്ട്. നടക്കൂല്ല ഭാസി നീ വന്നോ ഇല്ലെങ്കില്‍ നിനക്കിട്ട് പണിയാണെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ കഷ്ടപ്പെട്ട് തന്നെയാ പണിയെടുക്കുന്നേ, ഞാന്‍ ഇനിയും സിനിമയില്‍ അഭിനയിക്കും, എനിക്ക് പറ്റുന്നത് പോലെ, അല്ലെങ്കില്‍ ഞാന്‍ വെല്ല വാര്‍ക്കപണിക്ക് പോവും,’ ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം, സെപ്റ്റംബര്‍ 23ന് ആറ് മണിക്ക് ശേഷം ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ചട്ടമ്പി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഹര്‍ത്താല്‍ ദിവസമാണെങ്കിലും റിലീസ് മാറ്റിവെക്കില്ല എന്ന് നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Actor Sreenath Bhasi responded to Alappuzha Cabinet Sports City office bearers’ allegations that he did not attend the program despite receiving money

We use cookies to give you the best possible experience. Learn more