'നമസ്‌കാരം, ചട്ടമ്പി വളരെ നല്ല സിനിമയാണ്, വന്ന് കാണൂ'; വിവാദത്തെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ശ്രീനാഥ് ഭാസി
Film News
'നമസ്‌കാരം, ചട്ടമ്പി വളരെ നല്ല സിനിമയാണ്, വന്ന് കാണൂ'; വിവാദത്തെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 10:54 pm

ചട്ടമ്പി സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവതാരക പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിക്കാതെ നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങിയ ശ്രീനാഥ് ഭാസിയെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. എന്നാല്‍ സംഭവത്തെ പറ്റി പ്രതികരിക്കാന്‍ താരം തയ്യാറായില്ല.

നമസ്‌കാരം, ചട്ടമ്പി വളരെ നല്ല സിനിമയാണ്. എല്ലാവരും സിനിമ കാണണം, എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം, വളരെ നല്ല സിനിമയാണ് എന്നാണ് മാധ്യമങ്ങളോട് ശ്രീനാഥ് പ്രതികരിച്ചത്.

സിനിമയുടെ പ്രൊമോഷനിടക്ക് നടന്ന സംഭവത്തിന്മേല്‍ കേസെടുത്തതിനെ പറ്റി ചോദിച്ചപ്പോള്‍ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കൂ എന്നാണ് താരം പറഞ്ഞത്. താങ്കളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല നിങ്ങള്‍ മാറിക്കേ എന്നാണ് ശ്രീനാഥിനൊപ്പമുള്ളയാള്‍ മറുപടി പറഞ്ഞത്.

ശ്രീനാഥ് ഭാസിക്കെതിരെ സെപ്റ്റംബര്‍ 22നാണ് അവതാരക പരാതി നല്‍കിയത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്.

ചട്ടമ്പി, ചട്ടമ്പി എന്നുള്ള പ്രയോഗത്തില്‍ താന്‍ അസ്വസ്ഥനാണെന്നും ഒന്ന് നിര്‍ത്താമോയെന്നും ശ്രീനാഥ് ഭാസി ചോദിച്ചിരുന്നു. പക്ഷെ പ്രൊമോഷന്‍ ഇന്റര്‍വ്യു ആയതുകൊണ്ടാണ് ഇതാവര്‍ത്തിക്കുന്നതെന്ന് താന്‍ മറുപടി നല്‍കിയെന്ന് പരാതിക്കാരി പറയുന്നു.

മൂന്ന് ക്യാമറകളും ഓഫാക്കിയ ശേഷം നടന്‍ തെറി വിളി തുടങ്ങിയെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് ഇവര്‍ പറയുന്നത്. ഇതൊരു ഫണ്‍ ഇന്റര്‍വ്യു ആണെന്ന് അഭിമുഖത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞെങ്കിലും അയാളോടും ഭാസി മോശമായി പെരുമാറിയെന്നും അവതാരക പറയുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.

Content Highlight: Actor Sreenath Bhasi did not respond to the incident where the anchor filed a complaint alleging misbehavior