| Wednesday, 6th April 2022, 11:35 am

സിനിമയില്‍ ആണെങ്കില്‍ പോലും ഇന്ദ്രന്‍സേട്ടനോട് അങ്ങനെ പറയാന്‍ എനിക്ക് പറ്റുമായിരുന്നില്ല: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡാര്‍ക്ക് മൂഡുള്ള ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ അരങ്ങുവാണ സമയത്തായിരുന്നു വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ഒ.ടി.ടി റിലീസായി റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം പുറത്തിറങ്ങിയത്.

ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‌ലിന്‍, കൈനകരി തങ്കരാജ് എന്നിവര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഇതിനൊപ്പം തന്നെ നടന്‍ ഇന്ദ്രന്‍സിന്റെ പ്രകടനമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. കഴിഞ്ഞ നാല്‍പ്പതുവര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രന്‍സ് എന്ന നടന്റെ വേറൊരു മുഖമായിരുന്നു ഹോമിലൂടെ പ്രേക്ഷകര്‍ കണ്ടത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ മനസറിഞ്ഞ് ചിരിച്ച് സന്തോഷിച്ച് കണ്ട ഒരു ചിത്രം കൂടിയായിരുന്നു ഹോം.

ഹോം സിനിമയില്‍ നടന്‍ ഇന്ദ്രന്‍സുമായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ഇന്ദ്രന്‍സുമായി പല സീനിലും തനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും ഇന്ദ്രന്‍സേട്ടനെ കളിയാക്കുന്ന രംഗങ്ങളിലൊക്കെ അഭിനയമാണെങ്കില്‍ പോലും തനിക്ക് വിഷമം തോന്നിയിരുന്നെന്നുമാണ് ശ്രീനാഥ് പറയുന്നത്.

വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആന്റണി ഒലിവര്‍ ട്വിസ്റ്റ്. മാത്രമല്ല വളരെ നല്ലൊരു സബ്ജക്ട് ആയിരുന്നു ആ സിനിമ കണ്‍വേ ചെയ്തത്. ഇന്ദ്രന്‍സേട്ടനെപ്പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിരുന്നു.

ഹോമില്‍ ഞാന്‍ അദ്ദേഹത്തെ കളിയാക്കി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഞാന്‍ ഒരു പുസ്തകം വായിച്ചിട്ട്, അച്ഛന്‍ ഇവിടെ എന്താണ് ചെയ്തിട്ടുള്ളത് കുറച്ച് ചെടി വളര്‍ത്തി എന്നല്ലാതെ എന്ന് ചോദിക്കുന്ന രംഗം.

അങ്ങനെയൊരു സീന്‍ പോലും ഇന്ദ്രന്‍സേട്ടനൊപ്പം ചെയ്യുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. കാരണം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോള്‍ അത്തരമൊരു സീന്‍ പോലും ചെയ്യുമ്പോള്‍ വിഷമം തോന്നി.

ഇന്ദ്രന്‍സേട്ടന്‍ ആദ്യമായി എന്നോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രീനാഥ് ജി എന്നാണ് വിളിച്ചത്. ആ ഒരു വിളിയിലൂടെ തന്നെ എത്ര ഹംമ്പിളായ ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് മനസിലാകും. നമ്മളെ ഭയങ്കര കംഫര്‍ട്ടബിളാക്കും. നമുക്ക് ഭയങ്കര ഇഷ്ടമാകും അദ്ദേഹത്തെ. സിനിമയില്‍ പോലും എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് അങ്ങനെ പറയാന്‍ ബുദ്ധിമുട്ടായിരുന്നു.

അതേസമയം ക്ലൈമാക്‌സ് രംഗത്തൊക്കെ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹത്തെ സ്‌നേഹിച്ചുകൊണ്ടുള്ള രംഗങ്ങളൊക്കെ അവതരിപ്പിക്കാന്‍ എനിക്ക് എളുപ്പമായി തോന്നി. നമ്മുടെയൊക്കെ അച്ഛനെപ്പോലെയൊരു കഥാപാത്രമാണ് അദ്ദേഹം. വളരെ ഈസിയായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അഭിനയം, ശ്രീനാഥ് ഭാസി പറഞ്ഞു.

ശ്രീനാഥിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വത്തിലെ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അമിയെന്ന കഥാപാത്രത്തെ വേറിട്ട രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ ശ്രീനാഥിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം കൂടിയായിരുന്നു അമി. ചിത്രത്തിലെ പറുദീസ എന്ന ഗാനവും ആകാശം പോലെയെന്ന ഗാനവും പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പറുദീസ ഗാനം പാടിയതും ശ്രീനാഥായിരുന്നു.

Content Highlight: Actor Sreenath Bhasi about Indrans

We use cookies to give you the best possible experience. Learn more