ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നു ഹോം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
സിനിമയില്‍ ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ശ്രീനാഥ് ഭാസി ഇപ്പോള്‍ ഹോമിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ക്ലബ് എഫ്.എമിന നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ഹോമിലെ ആന്റണിയെപ്പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അതൊരു തലവേദനയുള്ള പണിയാണെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു. ”ഭയങ്കര ജോലിയാണത്. തലവേദനയുള്ള കേസാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല,” താരം പറഞ്ഞു.
കുറെ നാളുകളായി എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായി കാണാത്തത് എന്ന ചോദ്യത്തിന് ‘സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ല’ എന്നായിരുന്നു ശ്രീനാഥിന്റെ പ്രതികരണം. ”സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം ഞാന്‍ കുറച്ച് ഡിസ്റ്റന്‍സ് വച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റി ഒന്നുമില്ല. അല്ലെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും,” ശ്രീനാഥ് പറഞ്ഞു.
ഹോം സാധാരണ വീടുകളിലെ സിംപിള്‍ കഥ പറയുന്ന ഒരു സിനിമയാണെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു. ”വീട്ടിലെ കഥയാണ് സിനിമ പറയുന്നത്. രസമായിരിക്കും. ഇന്ദ്രന്‍സ് ഏട്ടനും എല്ലാവരും ഉഗ്രനാണ് പടത്തില്‍,” താരം പറയുന്നു.
ഷൂട്ടിംഗ് പെട്ടെന്ന് തന്നെ തീര്‍ന്നെങ്കിലും സംവിധായകന്‍ റോജിന്‍ തോമസ് കുറെകാലമായി പ്ലാന്‍ ചെയ്തതാണ് സിനിമയെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
റോജിന്റെ ജീവിതമാണോ താന്‍ സിനിമയില്‍ അവതരിപ്പിച്ചത് എന്ന് തനിക്ക് സംശയമുണ്ടെന്നും തമാശരൂപേണ താരം പറയുന്നു. ”എനിക്ക് തോന്നുന്നു, ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ റോജിന്റെ റോള്‍ ആണ് ചെയ്തതെന്ന്,” നല്ലൊരു ടീം ആയിരുന്നു സിനിമയ്ക്ക് പിന്നണിയിലും എന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണമെന്നും ശ്രീനാഥ് പറഞ്ഞു. ‘എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നുമുള്ള നല്ലത് എടുക്കുക. നമുക്ക് ചോയ്സ് ഉണ്ടല്ലോ,’ നടന്‍ പറഞ്ഞു.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
Content Highlight: Actor Sreenath Bhasi about home movie