ഹോം എന്ന ചിത്രത്തിലെ ജോസഫ് കഥാപാത്രത്തത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ശ്രീകാന്ത് മുരളി. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനമുറപ്പിക്കാനും ശ്രീകാന്തിനായിട്ടുണ്ട്.
വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന സിനിമ സംവിധാനം ചെയ്ത ശ്രീകാന്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്നതിനേക്കാള്‍ ഏറെ ക്യാമറയ്ക്ക് പിന്നിലായിരുന്നു. തികച്ചും അപ്രതീക്ഷിതമായി അഭിനയ രംഗത്ത് എത്തിച്ചേര്‍ന്ന ശ്രീകാന്ത് ഒരുപിടി ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമാകുകയാണ്.
മുന്‍പൊക്കെ ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നവരോടുള്ള തന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നെന്നും അവരുടെ ജോലി താരതമ്യേന എളുപ്പമാണെന്ന ഒരു ധാരണ തനിക്കുണ്ടായിരുന്നെന്നും ശ്രീകാന്ത് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയോടുള്ള തന്റെ പാഷനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും ശ്രീകാന്ത് മനസുതുറന്നത്.
”ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നവരുടെ ജോലി വളരെ എളുപ്പമല്ലേയെന്നും അവര്‍ക്ക് പറയുന്നത് അതുപോലെ അങ്ങ് ചെയ്താല്‍ പോരെ എന്നൊരു കാഴ്ചപ്പാടായിരുന്നു മുന്‍പ് എനിക്ക്. അവര്‍ക്ക് നമ്മള്‍ കാരവന്‍ കൊടുത്തിട്ടുണ്ട്. മേക്കപ്പിന് ആളുണ്ട്. ഓരോ ഷോട്ടും കഴിയുമ്പോഴും അവരുടെ ഫേയ്‌സും ഹെയറും ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അവര്‍ക്ക് സുന്ദരന്മാരും സുന്ദരികളുമായിട്ട് ഇരുന്നാല്‍ പോരെ. അവര്‍ക്ക് എന്തൊരു ഈസിയാണ് എന്നുള്ള ഒരു സോ കോള്‍ഡ് കാഴ്ചപ്പാടായിരുന്നു എനിക്ക്. എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്ന് മാത്രമല്ല ഇനി മേലാല്‍ എന്റെ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന ഒരാളേയും അത്തരത്തില്‍ ഞാന്‍ സമീപിക്കുകയുമില്ല. അവര്‍ റെഡിയാണെങ്കില്‍ അവരോട് ചെയ്യാന്‍ പറയും,” ശ്രീകാന്ത് പറയുന്നു.
ഒട്ടും പ്ലാന്‍ ചെയ്യാതെ തന്റെ ജീവിതത്തിലേക്ക് വന്ന ഒരു കാര്യമാണ് അഭിനയമെന്നും അതിനെ മാത്രമേ താന്‍ ഭാഗ്യമായി കണക്കാക്കുന്നുള്ളൂവെന്നും ബാക്കി എന്തെങ്കിലുമൊക്കെ തനിക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊക്കെ വളരെ കഷ്ടപ്പെട്ടിട്ട് തന്നെ എത്തിയിട്ടുള്ളതാണെന്നും അഭിമുഖത്തില്‍ ശ്രീകാന്ത് പറഞ്ഞു.
”എല്ലാതരത്തിലും ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവരേയും പോലെ സിനിമയ്ക്കായി മദ്രാസിലേക്ക് വണ്ടി കയറി പോയിട്ടുണ്ട്. അങ്ങനെയൊരു കാലം ഉണ്ടായതുകൊണ്ടാണ് ഇപ്പോള്‍ എനിക്ക് എന്റേതായ രീതിയില്‍ മുന്നോട്ടുപോകാന്‍ പറ്റുന്നത്.
ഇനി അങ്ങോട്ടുള്ള പരിപാടികളും ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാം നടക്കുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് കൊറോണ വന്നത്. രണ്ട് വര്‍ഷത്തെ ഒരു താമസം അതുകൊണ്ട് തന്നെ അതിലൊക്കെ ഉണ്ടാകും. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയട്ടെയെന്നാണ് ഇപ്പോള്‍ കരുതുന്നത്,” ശ്രീകാന്ത് പറഞ്ഞു.