ഐശ്യര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കുമാരി. ശാപം നിറഞ്ഞ മണ്ണിന്റെ കഥയുമായാണ് കുമാരി എത്തുന്നത്.
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സ്ഫ്ടികം എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലൂടെ പ്രശസ്തനായ സ്ഫടികം ജോര്‍ജ്.
‘ഞങ്ങളിത് കാഞ്ഞിരങ്ങാട് തറവാട്ടിലാണ് ഷൂട്ട് ചെയ്തത്. 40 ഓളം റൂമുകളുണ്ട് അവിടെ. നമുക്ക് ചിലപ്പോള്‍ വഴിതെറ്റിപ്പോകും, 300 വര്‍ഷത്തോളം പഴക്കമുള്ള വീടാണ്. വളരെ ഫാമിലി അറ്റ്‌മോസ്ഫിയറിലാണ് ഷൂട്ട് നടന്നത്.
എനിക്ക് ഷൂട്ടിനിടക്ക് കോള്‍ഡ് വന്നു, ഐശ്യര്യ ലക്ഷ്മി കോ-പ്രൊഡ്യൂര്‍ മാത്രമല്ല, ഡോക്ടര്‍ കൂടിയാണ്. എനിക്ക് അസുഖം വന്നപ്പോള്‍ മരുന്ന് വാങ്ങി തരാനും, പ്രിസ്‌ക്രിപ്ഷന്‍ തരാനുമൊക്കെ ഐശ്യര്യ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. ഇതുപോലൊരു കെയര്‍ എനിക്ക് മറ്റൊരു ലൊക്കേഷനിലും ലഭിച്ചിട്ടില്ല. നമുക്ക് രോഗം വരുമ്പോള്‍ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ ലൊക്കേഷനില്‍ ഉണ്ടാകുക എന്നത് വലിയ കാര്യമാണ്.
എന്നെ കുമാരിയിലെ കഥാപാത്രത്തിന് ഓപ്റ്റ് ചെയ്തത് കാര്‍ബണ്‍ സിനിമയിലെ ഫഹദ് ഫാസിലിന്റെ അച്ഛന്റെ ക്യാരക്ടര്‍ കണ്ടാണ് എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നെ സെലക്ട് ചെയ്തപ്പോള്‍ ഞാന്‍ ഈ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമോ എന്ന സംശയത്തിലായിരുന്നു. സാധാരണ പൊലീസ് വേഷമൊക്കെയാണ് എനിക്ക് കിട്ടാറുള്ളത്. പക്ഷേ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോള്‍ ഓക്കെയായി.
വളരെ നല്ല രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഞാന്‍ അതില്‍ ഹാപ്പിയാണ്. ഇതെന്റെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ഒരു പ്രായം ചെന്ന ക്യാരക്ടറാണ്. ഒരു കാരണവരാണ്, ആ കുടുംബത്തിന്റെ ഫുള്‍ കണ്‍ട്രോള്‍ എന്റെ കയ്യിലാണ്. ആ തറവാടിന്റെ നഷ്ടപ്പെട്ടുപോയ ഐശ്യര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഒരു വ്യക്തിയാണ് എന്റെ ക്യാരക്ടര്‍,’ സ്ഫടികം ജോര്‍ജ് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം.
കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമാരിയിലെ കാഴ്ചകള്‍ പകര്‍ത്തിയിരിക്കുന്നത് അബ്രഹാം ജോസഫാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ശ്രീജിത് സാരംഗ് എഡിറ്റിങ്ങും കലാസംവിധാനം ഗോകുല്‍ദാസും നിര്‍വഹിക്കുന്നു.
Content Highlight: Actor Spadikam George sharing Kumari Movie Location Memmories