|

ഷൈന്‍ എന്നെ പിടിച്ച് ഇടിച്ചു, എന്നിട്ട് അത് ഫോണിലും ഷൂട്ട് ചെയ്തു: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോയുമൊത്തുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരേ സമയമാണ് ഇരുവരും സിനിമയിലേക്ക് വന്നതെന്നും പച്ചക്കുതിര എന്ന സിനിമയിലാണ് ആദ്യമായി ഒരുമിച്ച് വര്‍ക്ക് ചെയ്തതെന്നും സൗബിന്‍ പറഞ്ഞു. ആ സിനിമക്ക് ശേഷം ഷൈനുമായി നല്ല സൗഹൃദത്തിലാണെന്നും ഷൈന്റെ കൂടെ സമയം ചെലവഴിക്കാന്‍ നല്ല രസമാണെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാനും ഷൈനുമൊക്കെ ഒരേ സമയത്ത് സിനിമയിലെത്തിയവരാണ്. ഷൈന്‍ നമ്മള്‍ എന്ന സിനിമയിലൂടെയും ഞാന്‍ കയ്യെത്തും ദൂരത്തിലൂടെയുമാണ് വരുന്നത്. അതിന് മുമ്പ് ഞാന്‍ ക്രോണിക് ബാച്ച്‌ലറില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഷൈന്‍ കൂടുതലും വര്‍ക്ക് ചെയ്തത് കമല്‍ സാറിന്റെ കൂടെയായിരുന്നു. ഞാന്‍ വേറെ ഒരുപാട് പേരുടെ കൂടെ ആ സമയം വര്‍ക്ക് ചെയ്തിരുന്നു.

എന്നാല്‍ ഷൂട്ടില്ലാത്ത സമയത്തൊക്കെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വരുമായിരുന്നു. പച്ചക്കുതിരയിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. ആ പടം പ്രൊഡ്യൂസ് ചെയ്തത് എന്റെ വാപ്പയാണ്. അന്ന് മുതല്‍ ഇന്ന് വരെ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്.

ആ സമയത്ത് ഷൈന്‍ ഇതിനേക്കാളും അപ്പുറമായിരുന്നു. പബ്ലിക്കായി പോസ്റ്റ് ചെയ്യാന്‍ പറ്റാത്ത കുറെ വീഡിയോകള്‍ എന്റെ കയ്യിലുണ്ട്. ഒരിക്കല്‍ ഫോണില്‍ സ്ലോ മോഷന്‍ ഷൂട്ട് ചെയ്യുന്ന ഒരു ആപ്പ് കിട്ടി. അങ്ങനെ ഷൈന്‍ എന്നെ പിടിച്ച് ഇടിച്ച്, അത് സ്ലോ മോഷനില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അന്നൊക്കെ അങ്ങനെ കുറെ പരിപാടികള്‍ ഉണ്ടായിരുന്നു. അതൊക്കെ ഭയങ്കര രസമായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഷൈന്‍ ഭയങ്കര പൊളിയാണ്. അവന്റെ കൂടെ സമയം ചെലവഴിക്കാന്‍ ഭയങ്കര രസമാണ്. അടുത്ത് അറിയുന്നവര്‍ക്ക് ഷൈന്റെ ഈ സ്വഭാവങ്ങളൊക്കെ നന്നായിട്ട് അറിയാം,’ സൗബിന്‍ പറഞ്ഞു.

പോപ്‌കോണ്‍, പറവ, ഭീഷ്മ പര്‍വ്വം തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയ രംഗത്ത് സജീവമാകുന്നതിന് മുമ്പ് തന്നെ നിരവധി സിനിമകളുടെ പിന്നണിയില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

അതേസമയം സൗബിന്റെ ഏറ്റവും പുതിയ ചിത്രം ജിന്ന് റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഈ മാസം 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

content highlight: actor soubin shahir talks about shine tom chacko

Latest Stories