| Monday, 5th August 2019, 2:20 pm

'ഇത്തവണ കുറച്ച് മാറ്റിയാണ് ചെയ്തിരിക്കുന്നത്, ഇതിനെയും എല്ലാവരും ഒന്ന് രക്ഷപ്പെടുത്തണം'; സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ അമ്പിളിയുടെ ഓഡിയോ ലോഞ്ചില്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ സൗബിന്‍ ഷാഹിര്‍.

‘ഇത്തവണ ഞാന്‍ കുറച്ച് മാറ്റിയാണ് ചെയ്തിരിക്കുന്നത്, എല്ലാവരും ഇതിനെയും ഒന്ന് രക്ഷപ്പെടുത്തണം’-സൗബിന്‍ പറഞ്ഞു.

ചിത്രത്തിലെ ‘ജാക്സനല്ലെടാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഓഡിയോ ലോഞ്ചില്‍ കുഞ്ചാക്കോ ബോബന്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

‘എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ഐറ്റമാണ് സൗബിന്‍. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വര്‍ഷമായി. സിനിമയില്‍ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാന്‍ എത്തിയത് തന്നെ സൗബിന്റെ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ്’. എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു

സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. നാഷണല്‍ സൈക്കിളിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് നവീന്‍ നസിം അവതരിപ്പിക്കുന്നത്. പുതുമുഖം തന്‍വി റാം ആണ് ചിത്രത്തിലെ നായിക.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more