Entertainment
എന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നൊരാള്‍, ഭാര്യയ്ക്ക് പോലും അത്ര അറിയില്ല: സൗബിന്‍ ഷാഹിര്‍

സംവിധായകന്‍ അമല്‍നീരദുമായുള്ള സൗഹൃദത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. തന്നെ അത്രയേറെ മനസിലാക്കിയ മറ്റൊരു വ്യക്തിയും ഉണ്ടാവില്ലെന്ന് സൗബിന്‍ പറയുന്നു.

ഒപ്പം ഭീഷ്മപര്‍വം എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ സൗബിന്‍ ദി ക്യൂ സ്റ്റുഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ ഭീഷ്മപര്‍വത്തിന്റെ കഥ അമലേട്ടന്‍ എന്നോട് പറയുമ്പോള്‍ തന്നെ, എടോ താനും ഇതിലെ മറ്റൊരു നായകനാണെന്ന് പറയുമായിരുന്നു. വെറുതെ ഇരി അമലേട്ടാ, ചിരിപ്പിക്കല്ലേ എന്നായിരുന്നു എന്റെ മറുപടി.

ഞാനിപ്പോഴും അമലേട്ടന്റെ അസിസ്റ്റന്റ് തന്നെയാണ്. എന്റെ ഏറ്റവും വലിയ ഗുരു തന്നെയാണ് അദ്ദേഹം. ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ഒപ്പം താമസിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നത് അമലേട്ടന്റെ കൂടെയാണ്. എട്ട് കൊല്ലം കൂടെ താമസിച്ചിട്ടുണ്ട്, വര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാ പടങ്ങളുടെ കൂടെയും ഇരുന്നിട്ടുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെ പൊതുവായുള്ള കാര്യങ്ങളിലുമൊക്കെ എനിക്ക് അറിവ് കിട്ടിയിരിക്കുന്നത് അമേലട്ടനില്‍ നിന്നാണ്. ഓരോ പടത്തിന്റേയും തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ കൂടെയുണ്ടാകും. ചില സിനിമകളില്‍ മാത്രമേ വര്‍ക്ക് ചെയ്യാന്‍ പറ്റാതെ ആയിട്ടുള്ളൂ.

ഭീഷ്മപര്‍വത്തിന്റേത് ആണെങ്കിലും ഞങ്ങള്‍ ആദ്യം പോയി മമ്മൂക്കയോട് പറഞ്ഞത് വേറെ കഥയായിരുന്നു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമായി. അദ്ദേഹം ഓക്കെ പറഞ്ഞു.

അതിന് ശേഷമാണ് നമുക്ക് ഒരു മാസ്സ് പടം ചെയ്താലോ എന്ന് ആലോചന വരുന്നത്. അമലേട്ടന്‍ എന്നോട് ഒരു കഥ പറഞ്ഞിരുന്നു. അമലേട്ടാ ഈ കഥ മമ്മൂക്കയോട് പറഞ്ഞൂടെ എന്ന് ചോദിച്ചു.

പറയണോ എന്ന് ചോദിച്ചു. പിന്നെ പറയാതെ, ഇതും പൊളിയല്ലേ എന്ന് ചോദിച്ചു. അങ്ങനെ അമലേട്ടന്‍ പോയി പറഞ്ഞ കഥയാണ് ഭീഷ്മപര്‍വം.

അതിന് ശേഷം ഈ കൊറോണയും പരിപാടിയുമൊക്കെയായി ഫുള്‍ പണി കിട്ടി. നമ്മള്‍ പെട്ടുപോയോ മച്ചാനെ എന്ന് ചോദിച്ചു. പുറത്തൊന്നും പോയി ഷൂട്ട് ചെയ്യാനാവുന്നില്ല.

അതിനിടെ എന്നെ കുറേ ചീത്തയും വിളിച്ചു. താന്‍ കാരണം ഞാന്‍ പെട്ടു(ചിരി) എന്നൊക്കെ പറഞ്ഞിട്ട്. പടം ഇറങ്ങിക്കഴിഞ്ഞപ്പോള്‍, ഇപ്പോള്‍ എന്തായി എന്ന് ഞാന്‍ ചോദിച്ചു.

അത്തരത്തില്‍ എന്റെ ചേട്ടനും സുഹൃത്തും എന്തും സംസാരിക്കാന്‍ പറ്റുന്ന ഫുള്‍ ഫ്രീഡമുള്ള ഒരാളാണ് എനിക്ക് അമലേട്ടന്‍.

എന്റെ ജീവിതത്തിലെ എല്ലാം അറിയുന്ന, എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരേ ഒരാള്‍. എന്റെ ഭാര്യയേക്കാള്‍ കൂടുതല്‍ എന്റെ കാര്യങ്ങള്‍ അറിയുന്ന ആള്‍ അമല്‍ നീരദാണ്.

അമലേട്ടനും ഒരു അനിയനെ പോലെയാണ് എന്നെ കാണുന്നത്. ഭയങ്കര സ്‌നേഹമാണ്,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

Content Highlight: Actor Soubin Shahir about Director Amal Neerad