| Friday, 27th August 2021, 9:58 pm

അസുരന്‍ വന്‍വിജയമായതോടെ നായകവേഷം നഷ്ടപ്പെടുമോ എന്ന് ചിന്തിച്ചിരുന്നു; സിനിമാ വിശേഷങ്ങളുമായി സൂരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണ് സൂരി. വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധ നേടുന്നത്. കോമഡി റോളുകള്‍ക്ക് ശേഷം ആദ്യമായി നായകനാവുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈയിലാണ് സൂരി നായകനായെത്തുന്നത്. ഇത്രയും നാളും കോമഡി റോളുകള്‍ ചെയ്തുകൊണ്ടിരുന്ന തന്നെ പൂര്‍ണവിശ്വാസത്തോടെയാണ് ഈ സീരിയസ് കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് താരം പറയുന്നു.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണ് വെട്രിമാരന്‍ ഈ വേഷത്തിനായി തന്നെ ക്ഷണിച്ചതെന്ന് താരം പറയുന്നു. കുറേ നാളുകളായി കോമഡി റോളുകളില്‍ നിന്നും മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അഭിനയിച്ചു നോക്കാന്‍ വേണ്ടി മാത്രം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതെ നല്ല കഥാമൂല്യമുള്ള റോള്‍ വേണമെന്നും ആഗ്രഹിച്ചിരുന്നു, ഒടുവില്‍ അത്തരത്തില്‍ ഒരു വേഷം കിട്ടിയെന്നും സൂരി പറഞ്ഞു.

വെട്രിമാരന്റെ ഓഫര്‍ വന്നപ്പോള്‍ നല്ല വേഷമായിരിക്കുമെന്ന് കരുതിയാണ് താന്‍ ചെന്നതെന്നും, അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് താന്‍ നായകനായാണ് അഭിനയിക്കുന്നതെന്നും അറിഞ്ഞതെന്ന് സൂരി പറയുന്നു.

ഇത് കേട്ടപ്പോള്‍ വളരെയധികം സന്തോഷമായെന്നും ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നെന്നും തനിക്കും വെട്രിക്കും ക്യാമറാമാന്‍ വേല്‍രാജിനും മാത്രമായിരുന്നു ഇക്കാര്യം അറിയുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അസുരന്‍ വന്‍വിജയമായതോടെ അടുത്ത സിനിമയില്‍ നായകനാവാനുള്ള തന്റെ സാധ്യത കുറയുമോ എന്ന് തോന്നിയിരുന്നു, എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ തന്നെ ആ റോള്‍ ചെയ്താല്‍ മതിയെന്ന വെട്രിമാരന്‍ പറയുകയും അഡ്വാന്‍സായി ഒരു ചെക്ക് നല്‍കുകയും ചെയ്തു,’ സൂരി പറഞ്ഞു.

ഇതിന് ശേഷമാണ് താന്‍ വെട്രിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മറ്റൊരാളോട് പറഞ്ഞതെന്നും താരം പറഞ്ഞു. ഇക്കാര്യം ആദ്യമായി പറയുന്നത് ശിവകാര്‍ത്തികേയനോടാണെന്നും അതിന് ശേഷമാണ് തന്റെ മാനേജര്‍ പോലും അറിയുന്നതെന്നും സൂരി പറഞ്ഞു.

തനിക്കുവേണ്ടി വെട്രിമാരന്‍ തയാറാക്കിയ മൂന്നാമത്തെ സ്‌ക്രിപ്റ്റാണെന്നും കൊവിഡ് കാരണം മറ്റു രണ്ട് സിനിമകളും ചെയ്യാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. പൊലിസിന്റെ വേഷമാണ് ചെയ്യാന്‍ പോകുന്നതെന്നും അതുകോണ്ട് ആരോഗ്യവാനായിരിക്കാന്‍ മാത്രമാണ് സംവിധായകന്‍ തന്നോട് പറഞ്ഞതെന്നും സൂരി പറഞ്ഞു.

ഷൂട്ടിംഗ് സമയത്ത് ചെറിയ പേടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ വെട്രിമാരന്‍ പറഞ്ഞത് താന്‍ അതുപോലെ ചെയ്യുകയായിരുന്നു സൂരി പറഞ്ഞു.

വെട്രിമാരന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, ഗൗതം മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം ഇളയരാജയും സിനിമാറ്റോഗ്രാഫി വേല്‍രാജും നിര്‍വഹിച്ചിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Soori about his new film Viduthalai directed by Vetrimaaran

Latest Stories

We use cookies to give you the best possible experience. Learn more