ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സുരജ് തേലക്കാട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബര്‍ട്ട് ആയി മലയാളികളെ വിസ്മയിപ്പിക്കാന്‍ സൂരജിനായിരുന്നു.
എന്നാല്‍ പൊക്കമില്ലായ്മ ഒരിക്കലും തനിക്കോ ചേച്ചിക്കോ ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്നും ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മയുള്ളൂവെന്നും മനസുകൊണ്ട് തങ്ങള്‍ എത്രയോ ഉയരത്തിലാണെന്നും സൂരജ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ അച്ഛന്റെ പേഴ്‌സീന്ന് കുറേ കാശ് എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി തീര്‍ന്നിട്ടുണ്ട്. കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസുകൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാ,’ സൂരജ് പറയുന്നു.
ആദ്യ കാലത്തൊക്കെ ലേഹ്യവും അരിഷ്ടവും തുടങ്ങി പലതും കിലോ കണക്കിന് കഴിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യത്തില്‍ ഒരു കാര്യവും ഇല്ലെന്ന് പിന്നെയാ മനസിലായത്. ഒരു ഡോക്ടര്‍ സ്ഥിരമായി ബ്രൗണ്‍ നിറമുള്ള ചവര്‍പ്പുള്ള ഒരു മരുന്ന് തരുമായിരുന്നു. പൊക്കം വരാനല്ലേ രുചിയൊന്നും നോക്കാതെ ഞാനും ചേച്ചിയും കണ്ണടച്ച് കഴിക്കും. ഓരോ തവണയും ചെല്ലുമ്പോള്‍ ഡോക്ടര്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തും. പൊക്കം അളക്കും ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു, ഇത് നടക്കുംന്ന് തോന്നുന്നില്ല.
കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രായം ആയപ്പോള്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങളെ രണ്ടുപേരേയും വിളിച്ചിട്ട് പറഞ്ഞു,’ നിങ്ങള്‍ ഇനി അധികം പൊക്കം വെക്കില്ല. ഇപ്പോഴുള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നുമില്ല. ചികിത്സയ്‌ക്കൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്ടി ഫിഫ്ടി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും’, ഇത്രയൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു.
സ്‌കൂളില്‍ ബാക്കി കുട്ടികള്‍ക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘കലയാണ് ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങള്‍ വളരണം. എല്ലാവരേക്കാളും ഉയരത്തില്‍ എത്തണം’ , അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്, സൂരജ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Actor Sooraj Thelekkad About His Life And Career