ന്യൂദല്‍ഹി: ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവര്‍ മത്സരിക്കുമെന്നും ഇതോടെ ഉറപ്പായി.
സോനു സൂദിനെ പോലെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മാളവിക സൂദും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഈ രാഷ്ട്രീയ നിലപാടെടുത്തതെന്നാണ് മാളവിക സൂദ് പ്രതികരിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാളവിക പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബിലെ മോഗ ജില്ലയിലുള്ള സൂദ് കുടുംബത്തിന്റെ വസതിയില്‍ വെച്ചായിരുന്നു പാര്‍ട്ടി പ്രവേശന ചടങ്ങ്.
മാളവികയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ ഗെയിം ചേഞ്ചര്‍ (Game Changer) എന്നായിരുന്നു നവ്‌ജ്യോത് സിംഗ് സിദ്ദു വിശേഷിപ്പിച്ചത്.
”വളരെ വിരളമായാണ് ഒരു പാര്‍ട്ടിയുടെ അധ്യക്ഷനും മുഖ്യമന്ത്രിയും ഒരാളുടെ വീട്ടില്‍ പോയി ആദരവര്‍പ്പിക്കുന്നത്. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.
ക്രിക്കറ്റ് ലോകത്ത് ഇതിനെ വിളിക്കുന്നത് ഗെയിം ചേഞ്ചര്‍ എന്നാണ്. അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന രീതിയിലുള്ള വിദ്യാഭ്യാസം അവര്‍ക്ക് ഭാവി ജീവിതത്തില്‍ ഗുണം ചെയ്യും,” നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
Punjab: State Congress chief Navjot Singh Sidhu meets actor Sonu Sood and his sister at his residence in Moga pic.twitter.com/8FWyPd9AsM
നവ്‌ജ്യോത് സിംഗ് സിദ്ദുവിനൊപ്പം സോനു സൂദ് നില്‍ക്കുന്ന ഫോട്ടോയും പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ‘പിക്ചര്‍ ഓഫ് ദ ഡേ; പഞ്ചാബ് സ്വയം തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുക്കുന്നു’ എന്നായിരുന്നു ഫോട്ടോക്കൊപ്പം കുറിച്ചത്.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുകയും സ്വന്തമായി എന്‍.ജി.ഒ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത് പേരെടുത്ത ഇവരെ പോലൊരു യുവതി നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് സിദ്ദു നേരത്തെ മാളവികയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ തന്നെ, തന്റെ സഹോദരി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോനു സൂദ് അറിയിച്ചിരുന്നു. എന്നാല്‍ ഏതായിരിക്കും പാര്‍ട്ടി എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സഹോദരിയെ പിന്തുണക്കുന്നുവെന്നും സോനു വ്യക്തമാക്കിയിരുന്നു.