| Thursday, 10th December 2020, 11:16 am

കൊവിഡ് കാലത്ത് പാവങ്ങളെ സോനു സൂദ് സഹായിച്ചത് 10 കോടി ബാങ്ക് വായ്പ്പ എടുത്ത്; ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേരെയാണ് ബോളിവുഡ് നടന്‍ സോനു സൂദ് സഹായിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയും ഭക്ഷണം എത്തിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങള്‍ എത്തിച്ചും സോനു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ ഈ സഹായങ്ങള്‍ എല്ലാം സോനു എത്തിച്ചത് തന്റെ വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ച് ലേണെടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡെ, മണി കണ്‍ട്രോള്‍ തുടങ്ങിയവ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.

10 കോടി രൂപയാണ് സഹായങ്ങള്‍ എത്തിക്കുന്നതിനായി താരം വായ്പ എടുത്തത്. ഇതിനായി മുംബൈ ജുഹുവിലെ തന്റെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളും ബാങ്കില്‍ പണയം വെച്ചിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയും ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 10 ബസുകള്‍ വീതം എത്തിക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ വിവിധ ആശുപത്രികള്‍ക്ക് പി.പി.ഇ കിറ്റുകള്‍ എത്തിക്കുകയും, സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്ന വിവിധ വ്യക്തികളില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു.

മുംബൈയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ കൊവിഡ് ആശുപത്രി ആക്കിമാറ്റാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരം വിട്ട് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്നത്.

അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം അതിഥി തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതെന്നുമായിരുന്നു സോനു സൂദ് പറഞത്.

നമ്മുടെ വീടുകള്‍ കെട്ടിടങ്ങള്‍ എല്ലാം അവര്‍ പണിയുന്നു. അവരുടെ വീടും കുടുംബവും വിട്ട് അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അധ്വാനിക്കുന്നു. ഇത്തരമൊരു സമയത്ത് നമ്മള്‍ അവരുടെ സഹായത്തിന് എത്തിയില്ലെങ്കില്‍ മനുഷ്യരാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല’ സോനു സൂദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Sonu Sood helped the poor during the Covid period by taking a bank loan of Rs 10 crore; Flats and buildings mortgaged

We use cookies to give you the best possible experience. Learn more