ഡയറക്ട് ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അഭിനയിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. നടനാകാന്‍ കഴിയുമെന്നോ സിനിമകള്‍ ലഭിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്നും സൗബിന്‍ പറഞ്ഞു.
തന്റെ അഭിനയം കണ്ട് നാച്ചുറല്‍ ആക്ടര്‍ എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് മാറിയിട്ടുണ്ടെന്നും അവസാനം പുറത്തിറങ്ങിയ ചിത്രത്തിന്റെ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ആ കാര്യം മനസിലാവുമെന്നും സൗബിന്‍ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ വലിയ നടനല്ല പക്ഷെ നല്ലൊരു നടനാണെന്ന് തോന്നിയിട്ടുണ്ട്. ഡയറക്ട് ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് ചെയ്തു. ബാക്കി ആക്ടിങ് ഒന്നും വിചാരിച്ചില്ല. ഇങ്ങനെയൊരു നടനാകാന്‍ കഴിയുമെന്നോ നല്ല സിനിമകള്‍ കിട്ടുമെന്നോ ഞാന്‍ വിചാരിച്ചില്ല.
ഇനിയും അത്തരം കഥാപാത്രങ്ങള്‍ വരട്ടെയെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ അഭിനയം കണ്ടിട്ട് നാച്ചുറല്‍ ആക്ടറാണെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് മാറിയിട്ടുണ്ട്. ലാസ്റ്റ് പടത്തിന്റെ കമന്റുകളൊക്കെ കണ്ടില്ലേ.
ഒരു സിനിമ എന്റെ അടുത്ത് എത്തുമ്പോള്‍ ഞാന്‍ ആദ്യം നോക്കുക അതിന്റെ കഥ തന്നെയാണ്. ഇല വീഴാപൂഞ്ചിറ ഒരു വ്യത്യസ്തമായ പ്ലോട്ടാണ്. സ്ഥിരം ചെയ്യുന്നതില്‍ നിന്നും മാറി നമ്മള്‍ അഭിനയിക്കാന്‍ കൊതിക്കുന്ന ഒരു കഥാപാത്രമാണ് ഇല വീഴാപൂഞ്ചിറയിലേത്.
കാരണം നമ്മള്‍ വിചാരിക്കുന്നതിലും വേറെ രീതിയിലുള്ള കഥാപാത്രമാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കൊതിയില്‍ ഇനിയും ചെയ്യും. അതിലെ കഥാപാത്രം ചെയ്യുന്നത് തെറ്റായ കാര്യമാണെങ്കിലും കഥാപാത്രമെന്ന നിലയില്‍ അത് ചെയ്യാനും ഒരു ജസ്റ്റിഫിക്കേഷനുണ്ട്,” സൗബിന്‍ പറഞ്ഞു.
മഞ്ജു വാര്യരും സൗബിനും ഒന്നിച്ച വെള്ളരിപട്ടണമാണ് സൗബിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
content highlight: actor sobin shahir about his films