| Saturday, 10th September 2022, 10:16 pm

ജോഷി സാര്‍ വീട്ടിലുണ്ടായിട്ടും ഇല്ലെന്ന് അവര്‍ പറഞ്ഞു; കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ വാതിലില്‍ മുട്ടി; ചാന്‍സ് ചോദിച്ച കഥ പങ്കുവെച്ച് സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയില്‍ സിജു വില്‍സണ്‍ മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്നതായാണ് പ്രേക്ഷകര്‍ അഭിപ്രായം പറയുന്നത്.

ചിത്രത്തില്‍ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലാണ് സിജു വില്‍സണ്‍ എത്തുന്നത്. കയാദു ലോഹര്‍ ആണ് നായിക

ഇപ്പോഴിതാ, സിജു വില്‍സണ്‍ താന്‍ സംവിധായകന്‍ ജോഷിയുടെ അടുത്ത് ചാന്‍സ് ചോദിച്ച് പോയ അനുഭവം ഓര്‍ത്തെടുക്കുകയാണ്.

‘സെവന്‍സ് സിനിമ അനൗണ്‍സ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ ജോഷി സാറിന്റെ വീട്ടില്‍ ചാന്‍സ് ചോദിക്കാന്‍ പോയിരുന്നു. എനിക്ക് അത്യാവശ്യം നന്നായി ഫുട്‌ബോള്‍ കളിക്കാന്‍ അറിയാമായിരുന്നു, ഫുട്‌ബോള്‍ ബേസ് ചെയ്തിട്ടുള്ള സ്‌റ്റോറിയാണെന്ന് അറിഞ്ഞപ്പോള്‍ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നോട് ജോഷി സാറിനെ കണ്ട് നോക്ക് എന്ന് പറഞ്ഞിരുന്നു.

അങ്ങനെ ഞാന്‍ പനമ്പള്ളി നഗറിലുള്ള ജോഷി സാറിന്റെ വീടൊക്കെ തപ്പിപ്പിടിച്ച് ചെന്ന് കോളിംഗ് ബെല്‍ അടിച്ചു. അപ്പോള്‍ ഒരു പ്രായമായ സ്ത്രീ വന്നു, സാറ് ഇവിടെ ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സാറിന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ പോയി വെയ്റ്റ് ചെയ്തു.

കുറേ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പോയി വാതില്‍ മുട്ടി, ഈ സ്ത്രീ തന്നെ വന്നു. എന്നിട്ട് സാറ് എത്തിയിട്ടില്ലെന്ന് പറഞ്ഞു. ആ സമയത്താണ് രണ്ട് പയ്യന്മാര്‍ ഒരു ബൈക്കില്‍ വന്ന് സാറിന്റെ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. 20 മിനുട്ട് കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേക്ക് പോയി.

ഞാന്‍ അവരെ ബൈക്കില്‍ ഫോളോ ചെയ്ത് തടഞ്ഞ് നിര്‍ത്തിയിട്ട് ജോഷി സാര്‍ വീട്ടിലുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ സാറ് അവിടെ ഉണ്ടെന്ന് പറഞ്ഞു. പിന്നേയും ഞാന്‍ സാറിന്റെ വീട്ടില്‍ ചെന്ന് ഡോറില്‍ മുട്ടി. അപ്പോള്‍ നേരത്തെ ഡോര്‍ തുറന്ന സ്ത്രീ ഡോര്‍ തുറന്നിട്ട് പറഞ്ഞു, സാറ് ഇവിടെയുണ്ടെന്ന്. സാറിന്റെ ഭാര്യ വരുന്നത് വരെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു.

അങ്ങനെ ജോഷി സാറിന്റെ ഭാര്യ വന്നതിന് ശേഷമാണ് സാറിനെ കാണാന്‍ പറ്റിയത്. അങ്ങനെ സാറിനെ കണ്ട് ചാന്‍സ് ചോദിച്ച എന്നോട് സാറ് കോഴിക്കോട് വരാന്‍ പറഞ്ഞു. ഓക്കെ എന്നും പറഞ്ഞ് ഞാന്‍ അപ്പോള്‍ തന്നെ അവിടുന്ന് ഇറങ്ങി.

അങ്ങനെ ഞാന്‍ ബൂട്ട് എല്ലാം എടുത്ത് സെറ്റായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി. അവിടന്ന് എനിക്കറിയാവുന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജിന്‍സിനെ വിളിച്ചിട്ട് കിട്ടുന്നില്ല, സിനിമയുടെ സെറ്റിലെ എനിക്കറിയാവുന്ന ആരേയും കിട്ടിയില്ല.

ഞാന്‍ അങ്ങനെ ഉച്ചവരെ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്നു. എനിക്ക് ഭയങ്കരമായി വിശക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് നല്ല ഫുഡ് കഴിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു. അങ്ങനെ അവന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പാരഗണ്‍ ഹോട്ടലിലെത്തി ഒന്നര ബിരിയാണി കഴിച്ചു.

എന്നിട്ട് ബീച്ചില്‍ പോയി, നല്ല പൂര വെയിലത്ത് പോത്ത് പോലെ കിടന്നുറങ്ങി. വൈകുന്നേരം ആയപ്പോള്‍ എനിക്ക് ജിന്‍സന്റെ കോള്‍ വന്നു. അങ്ങനെ ഞാന്‍ ലൊക്കേഷനില്‍ എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ സാറ് പാക്ക് അപ്പ് ചെയ്ത് പോയി. എന്നിട്ട് സാറിനെ കാണാന്‍ ഞാന്‍ സാറിന്റെ റൂമില്‍ പോയി മുട്ടി. സാറ് ഡോറ് തുറന്ന് കാര്യം ചോദിച്ച ശേഷം അസോസിയേറ്റിനെ പോയി കണ്ടോളാന്‍ പറഞ്ഞു.

അങ്ങനെ അസോസിയേറ്റിനെ കണ്ട് ഫോട്ടോയും ഡീറ്റൈല്‍സും കൊടുത്തു. അയാള്‍ വിളിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ തിരിച്ച് വണ്ടി കയറി. അന്നെനിക്ക് ഒരു കാര്യം മനസിലായി ഷൂട്ടിങ് സമയത്ത് പോയി ചാന്‍സ് ചോദിക്കരുതെന്ന്,’ സിജു പറയുന്നു.

Content Highlight: Actor Siju Wilson remembers the time he wandered asking for a chance in cinema

We use cookies to give you the best possible experience. Learn more