വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തുന്നതിന് മുമ്പ് തനിക്ക് അനുഭവപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് സിജു വില്‍സണ്‍. തന്നെ തേടി നല്ല സിനിമകള്‍ വരാതിരിക്കുകയും വരുന്ന സിനിമകള്‍ വിജയിക്കാതിരിക്കുകയും ചെയ്ത സമയത്താണ് കഥയെത്തിയതെന്നും ആദ്യം തനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നുവെന്നും സിജു പറഞ്ഞു.
വിനയന്‍ അവസാനം ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കുന്നില്ലയെന്ന ചിന്ത തന്റെ മനസിലുണ്ടായിരുന്നുവെന്നും മനസില്ലാ മനസോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്നും സിജു വില്‍സണ്‍ പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പത്തൊന്‍മ്പപതാം നൂറ്റാണ്ട് ചെയ്യുന്നതിന് മുമ്പ് കരിയറിനെക്കുറിച്ച് ഞാന്‍ ഭയങ്കരമായി ചിന്തിച്ച് നില്‍ക്കുന്ന സമയമായിരുന്നു. നല്ല സിനിമകള്‍ എനിക്ക് വരുന്നില്ലായിരുന്നു. അല്ലെങ്കില്‍ എനിക്ക് വരുന്ന സിനിമകള്‍ ആ ഒരു പ്രൊഡക്ഷന്‍ കോസ്റ്റിലേക്ക് ചെയ്‌തെടുക്കാന്‍ പറ്റുന്നില്ലായിരുന്നു.
ഞാന്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ എന്റെ മനസിലേക്ക് വരും. എന്നാല്‍ ആ രീതിയില്‍ സിനിമ സംഭവിക്കുന്നില്ലായിരുന്നു. അതിനുള്ള കാരണം എനിക്ക് വാല്യൂ ഇല്ലാത്തത് കൊണ്ടാണ്. അതിലേക്ക് ഞാന്‍ എത്തണമെങ്കില്‍ വലിയ സിനിമകള്‍ എന്റെ ലൈഫില്‍ സംഭവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കോള്‍ വരുന്നത്.
ഇത് ഒരു വലിയ സിനിമയാണോയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വിനയന്‍ സാര്‍ വിളിക്കുന്നു എന്ന് മാത്രമാണ് അറിഞ്ഞത്. എന്തിനാണാവോ വിളിക്കുന്നതെന്നാണ് ആദ്യം എന്റെ മനസിലേക്ക് പോയത്. സാറിന്റെ ലാസ്റ്റ് സിനിമകള്‍ നോക്കുകയാണെങ്കില്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ അനക്കമൊന്നും സൃഷ്ടിക്കാത്തതാണ്.
ഈ രീതിയില്‍ കുറേ ചിന്തകള്‍ എന്റെ മനസിലൂടെ പോയിട്ടുണ്ടായിരുന്നു. പക്ഷെ വൈഫും ഫ്രണ്ടും ഒന്ന് വിളിച്ചു നോക്കാന്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് അറിയാലോ. മനസില്ലാ മനസോടെയാണ് ഞാന്‍ സാറിനെ വിളിക്കുന്നത്. സാര്‍ കാണണമെന്ന് പറഞ്ഞു. സിനിമയും വലിപ്പവും കണ്ടപ്പോഴാണ് എന്നോട് സാര്‍ പറഞ്ഞത്. അപ്പോഴാണ് ഇത് തന്നെയാണല്ലോ ഞാന്‍ തേടി നടന്നത് എന്നായിരുന്നു മനസില്‍ വന്നത്,” സിജു വില്‍സണ്‍ പറഞ്ഞു.
content highlight: actor siju wilson about vinayan